രാമക്ഷേത്രം എല്ലാ ഹിന്ദുക്കൾക്കും അവകാശപ്പെട്ടതാണെന്നും ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപി ‘മത രാഷ്ട്രീയം’ കളിക്കുകയാണെന്നും തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി.
അയോധ്യ രാമക്ഷേത്ര ‘പ്രാൺ പ്രതിഷ്ഠാ’ ചടങ്ങിൽ പങ്കെടുക്കേണ്ടതില്ലെന്ന ശങ്കരാചാര്യന്മാരുടെ തീരുമാനത്തെ ചൊല്ലിയുള്ള വിവാദത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
‘രാമക്ഷേത്രം എല്ലാ ഹിന്ദുക്കൾക്കും അവകാശപ്പെട്ടതാണ്. ബിജെപിയുമായി ഇതിന് ബന്ധമില്ല. അവർ മത രാഷ്ട്രീയമാണ് കളിക്കുന്നത്. ക്ഷേത്രം അപൂർണ്ണമാണെന്ന് ചൂണ്ടിക്കാട്ടി അയോധ്യയിലേക്ക് പോകില്ലെന്ന് നാല് ശങ്കരാചാര്യന്മാർ അടുത്തിടെ പറഞ്ഞിരുന്നു. വിശ്വസിക്കുന്ന ആർക്കും അവിടെ പോകാം. എപ്പോഴെങ്കിലും രാമക്ഷേത്രം സന്ദർശിക്കണമെന്നുണ്ട്‌’-ഒരു ദേശീയ മാധ്യമത്തിന് നൽകിയ പ്രത്യേക അഭിമുഖത്തിൽ രേവന്ത് റെഡ്ഡി പറഞ്ഞു.താൻ തെലങ്കാനയിലെ ഭദ്രാചലത്തിലെ രാമക്ഷേത്രം സന്ദർശിക്കാറുണ്ടെന്നും അയോധ്യയും ഭദ്രാചലം രാമക്ഷേത്രവും തമ്മിൽ ഒരു വ്യത്യാസവും താൻ കാണുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ബിജെപിയും സംഘ്പരിവാറും ചേർന്ന് പണിതീരാത്ത ക്ഷേത്രത്തിൽ 22ന് നടത്തുന്ന പ്രതിഷ്ഠ ചടങ്ങ് മതാചാരങ്ങൾക്ക് വിരുദ്ധമായതിനാലാണ് വിട്ടുനിൽക്കാൻ ആദിശങ്കരൻ സ്ഥാപിച്ച ബദരീനാഥ്, ശൃംഗേരി, ദ്വാരക, പുരി മഠങ്ങളിലെ ശങ്കരാചാര്യന്മാർ തീരുമാനിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *