വൈ.എസ്.ശർമിളയെ ആന്ധ്രപ്രദേശ് കോൺഗ്രസ് അധ്യക്ഷയായി നിയമിച്ചു. മുൻ അധ്യക്ഷൻ ഗിഡുഗു രുദ്രരാജുവിനെ പ്രവർത്തകസമിതി പ്രത്യേക ക്ഷണിതാവാക്കുകയും ചെയ്തു. ജനുവരി നാലിനാണ് ആന്ധ്ര മുഖ്യമന്ത്രി വൈ.എസ്.ജഗൻ മോഹൻ റെഡ്ഡിയുടെ സഹോദരിയായ വൈ.എസ്.ശർമിള തന്റെ വൈഎസ്ആർ തെലങ്കാന പാർട്ടിയെ കോൺഗ്രസിൽ ലയിപ്പിച്ചു പാർട്ടിയിൽ ചേർന്നത്.

ലോക്സഭാ തിരഞ്ഞെടുപ്പിനൊപ്പം ആന്ധ്രയിൽ നിയമസഭാ തിരഞ്ഞെടുപ്പും നടക്കുന്നുണ്ട്. തെലങ്കാനയിൽ ടിഡിപി വിട്ടെത്തി പിസിസി അധ്യക്ഷനായ രേവന്ത് റെഡ്ഡിയുടെ നേതൃത്വത്തിൽ കോൺഗ്രസ് അധികാരം പിടിച്ചിരുന്നു. ഇതേ മാതൃകയിൽ ശർമിളയെ പിസിസി അധ്യക്ഷയാക്കുമെന്നു നേരത്തേമുതൽ അഭ്യൂഹമുണ്ടായിരുന്നു. ഇതിനു പിന്നാലെയാണു ആന്ധ്രപ്രദേശ് കോണ്‍ഗ്രസ് അധ്യക്ഷയായി വൈ.എസ്.ശർമിളയെ നിയമിച്ചത്.
ആന്ധ്ര മുൻ മുഖ്യമന്ത്രി വൈ.എസ്.രാജശേഖര റെഡ്ഡിയുടെ ഇളയ മകളായ ശർമിള, 2021ലാണ് തെലങ്കാനയിൽ സ്വന്തം പാർട്ടിയുണ്ടാക്കിയത്. വൈഎസ്ആറിന്റെ മരണശേഷം കോൺഗ്രസുമായി പിണങ്ങി ജഗൻ രൂപീകരിച്ച വൈഎസ്ആർ കോൺഗ്രസിൽ കൺവീനറായിരുന്നു ശർമിള. സഹോദരനുമായുണ്ടായ അസ്വാരസ്യത്തെത്തുടർന്നാണു സ്വന്തം പാർട്ടിയുണ്ടാക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *