കൊല്ലം∙ വിസ്മ‌യ കേസ് പ്രതി കിരൺ കുമാറിനെ (34) വീട് കയറി ആക്രമിച്ച സംഭവത്തിൽ നാലു പേർക്കെതിരെ ശൂരനാട് പൊലീസ് കേസെടുത്തു. ശാസ്താംകോട്ട പോരുവഴി അമ്പലത്തുംഭാഗം ശാസ്താംനടയിലെ വീട്ടിൽ കഴിഞ്ഞ ദിവസം രാത്രി എട്ടിനാണ് സംഭവം.

റോഡിലൂടെ നടന്നു പോവുകയായിരുന്ന നാലു യുവാക്കൾ വിസ്മയ കേസിന്റെ കാര്യം പറഞ്ഞ് പ്രകോപനമായി സംസാരിക്കുകയും വീടിനു മുന്നിലുണ്ടായിരുന്ന വീപ്പകളിൽ അടിക്കുകയും കിരണിനെ വെല്ലുവിളിക്കുകയും ചെയ്തു. തുടർന്നു പുറത്തേക്ക് ചെന്ന കിരണിനെ മർദിക്കുകയായിരുന്നു. അടിച്ച് താഴെയിട്ട ശേഷം മൊബൈൽ ഫോൺ കവർന്നു. മുൻപും പലപ്പോഴും യുവാക്കളുടെ സംഘങ്ങൾ ബൈക്കുകളിൽ വീടിനു മുന്നിലെത്തി വെല്ലുവിളിച്ച് പോകാറുണ്ടായിരുന്നു. കണ്ടാൽ അറിയുന്നവരായ നാലു പേർക്കെതിരെയാണ് വിവിധ വകുപ്പുകൾ ചുമത്തി കേസെടുത്തതെന്നും അന്വേഷണം നടക്കുകയാണെന്നും വിസ്മയ കേസുമായി സംഭവത്തിനു ബന്ധമില്ലെന്നും പൊലീസ് പറഞ്ഞു.

നിലമേൽ കൈതോട് സ്വദേശിയും ബിഎഎംഎസ് വിദ്യാർഥിയുമായിരുന്ന വിസ്‌മയ (24) സ്ത്രീധന പീഡനത്തെ തുടർന്നു 2021 ജൂൺ 21നു ഭർതൃവീട്ടിൽ ജീവനൊടുക്കിയ കേസിലാണ് ഭർത്താവായ മുൻ അസിസ്റ്റന്റ് മോട്ടർ വെഹിക്കിൾ ഇൻസ്പെക്ടർ കിരൺ കുമാറിനെ കോടതി 10 വർഷം തടവിനു ശിക്ഷിച്ചത്. സുപ്രീംകോടതിയിൽ നിന്നും ജാമ്യം നേടിയ ശേഷം സ്വന്തം വീട്ടിലാണ് കിരൺ കഴിയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *