ലക്നൗ∙ ഗുണ്ടാനേതാവും സമാജ്‌വാദി പാര്‍ട്ടി മുന്‍ എംപിയുമായ ആതിഖ് അഹ്മദിനെയും സഹോദരനെയും വെടിവച്ചു കൊന്ന സംഭവത്തിൽ പൊലീസ് പിടികൂടിയ പ്രതികളെ തള്ളിപ്പറഞ്ഞ് അവരുടെ കുടുംബങ്ങൾ. ഒരു പണിക്കും പോകാത്തവരാണ് ഇവരെന്ന് കുടുംബാംഗങ്ങൾ വെളിപ്പെടുത്തി. മാത്രമല്ല, ലഹരിക്ക് അടിമകളുമാണ്. ഇവർക്ക് കുടുംബവുമായി കാര്യമായ ബന്ധമില്ല. ഇവർ മുൻപും വിവിധ കേസുകൾ ഉൾപ്പെട്ടിരുന്നതായും കുടുംബാംഗങ്ങൾ വെളിപ്പെടുത്തി. ലവ്‌ലേഷ്

തിവാരി, സണ്ണി സിങ്, അരുൺ മൗര്യ എന്നിവരെയാണ് സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് പിടികൂടിയത്. ഇവർ എത്തിയതായി കരുതുന്ന രണ്ടു മോട്ടർ സൈക്കിളും പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. കുറ്റവാളികളെന്ന നിലയിൽ കൂടുതൽ കുപ്രസിദ്ധി നേടുന്നതിനാണു കൊല നടത്തിയതെന്നാണ് ഇവർ പൊലീസിനു നൽകിയിരിക്കുന്ന മൊഴി. പൊലീസ് ഇതു മുഖവിലയ്‌ക്കെടുത്തിട്ടില്ല.


ജയിൽശിക്ഷ അനുഭവിക്കുന്ന ആതിഖ് അഹ്മദിനെയും സഹോദരൻ അഷ്റഫ് അഹ്മദിനെയും പൊലീസ് അകമ്പടിയോടെ വൈദ്യ പരിശോധനയ്ക്ക് കൊണ്ടുപോകുമ്പോഴാണ്, മാധ്യമപ്രവർത്തകരെന്ന വ്യാജേന എത്തിയ അക്രമികൾ വെടിവച്ചു കൊന്നത്. പൊലീസ് കസ്റ്റഡിയിലിരിക്കെ ഇരുവര്‍ക്കും നേരെ മൂന്നംഗ അക്രമി സംഘമാണ് വെടിയുതിർത്തത്. മാധ്യമപ്രവര്‍ത്തകരുടെയും പൊലീസിന്‍റെയും മുന്നില്‍വച്ചായിരുന്നു അരുംകൊല. ബിഎസ്പി എംഎൽഎ രാജു പാൽ വധക്കേസിലെ മുഖ്യസാക്ഷി ഉമേഷ് പാലിനെ വെടിവച്ചുകൊന്ന കേസിലെ പ്രതിയാണ് ആതിഖ്. വെടിയുതിര്‍ത്ത മൂന്നുപേരും തൊട്ടുപിന്നാലെ കീഴടങ്ങിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *