പൗരത്വ ഭേദഗതി നടപ്പാക്കിയത് ഇന്ന് സുപ്രീംകോടതിയിൽ പരാമർശിക്കാൻ ശ്രമിക്കുമെന്ന് ഹർജിക്കാർ. വിഷയം കോടതിയുടെ പരിഗണനയിലിരിക്കെ സിഎഎ നടപ്പാക്കിയത് ചോദ്യംചെയ്യും. തുടർനടപടികൾ സ്റ്റേ ചെയ്യണം എന്ന് ആവശ്യപ്പെടും. സിഎഎക്കെതിരായ ഹർജികൾ സുപ്രീംകോടതിയുടെ പരിഗണനയിൽ ഇരിക്കെ നടപ്പാക്കിയത് ജുഡീഷ്യറിയോടുള്ള അവഹേളനമെന്നാണ് വിമർശനം. വിഷയം തത്കാലം അവഗണിക്കാനാണ് കോൺഗ്രസ് തീരുമാനം.ഇന്നലെ 14 പേർക്കാണ് പൗരത്വം നൽകാൻ തീരുമാനമായത്. പൗരത്വ സർട്ടിഫിക്കറ്റുകള്‍ നേരിട്ട് വിതരണം ചെയ്തു. കേന്ദ്ര ആഭ്യന്തര സെക്രട്ടറിയാണ് വിതരണം ചെയ്തത്. 300 പേർക്ക് ഓണ്‍ലൈനായി പൗരത്വം നൽകാനാണ് നീക്കം. സിഎഎക്കെതിരെ 237 ഹർജികളാണ് കോടതിയിൽ എത്തിയത്. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡാണ് ഹർജികള്‍ പരിഗണിക്കുന്നത്. കോടതി വേനൽക്കാല അവധിയിലേക്ക് പോകാനിരിക്കെ ഹർജികള്‍ ഇന്ന് പരിഗണിക്കുമോയെന്ന് വ്യക്തമല്ല. സർക്കാർ പിന്നോട്ടില്ലെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ വ്യക്തമാക്കി. അർഹരായ എല്ലാ അഭയാർത്ഥികൾക്കും പൗരത്വം നൽകും എന്നാണ് പ്രതികരിച്ചത്. എത്ര അപേക്ഷകള്‍ ലഭിച്ചെന്ന് സർക്കാർ വ്യക്തമാക്കിയിട്ടില്ല. 2019ൽ കൊണ്ടു വന്ന പൗരത്വ നിയമ ഭേദഗതി രാജ്യത്ത് വൻ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. ഇതിനുശേഷം നടപ്പാക്കാതെ മാറ്റി വച്ച നിയമത്തിന്‍റെ ചട്ടങ്ങൾ ഇക്കഴിഞ്ഞ മാർച്ചിലാണ് സർക്കാർ പുറത്തു വിട്ടത്. ഇതിനു പിന്നാലെ വലിയ പ്രതിഷേധങ്ങളാണ് പല കോണുകളില്‍ നിന്നായി ഉണ്ടായത്. അപേക്ഷൾ പരിഗണിക്കാൻ ജില്ലാതല സമിതിയും ഇത് പരിശോധിക്കാൻ സംസ്ഥാനതല സമിതിയും രൂപീകരിക്കാനായിരുന്നു നിർദേശം. പൗരത്വം നല്കുന്നത് സെൻസസ് ഡയറക്ടർ ജനറൽ അദ്ധ്യക്ഷനായ കേന്ദ്ര സമിതിയാണ്. പ്രതിപക്ഷ പാർട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങൾ ഇതിനോട് സഹകരിച്ചിരുന്നില്ല.

Leave a Reply

Your email address will not be published. Required fields are marked *