വാഷിങ്ടണ്‍: ഐ.എസിന്റെ നേതാക്കന്‍മാരില്‍ രണ്ടാമനായ അബു ബിലാല്‍ അല്‍ മിനൂക്കിയെ നൈജീരിയയില്‍ വെച്ച് വധിച്ചതായി യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. യു.എസ്-നൈജീരിയന്‍ സേനകളുടെ സംയുക്ത ആക്രമണത്തിലാണ് അല്‍ മിനൂക്കി കൊല്ലപ്പെട്ടതെന്നാണ് വിവരം.

അല്‍ മിനൂക്കി ഇനി ആഫ്രിക്കയിലെ ജനങ്ങളെ ഭീകരവല്‍ക്കരിക്കുകയോ അമേരിക്കക്കാരെ ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുകയോ ഇല്ലെന്ന് ട്രംപ് പറഞ്ഞു. കൂടാതെ സംയുക്ത ഓപറേഷനില്‍ പങ്കെടുത്ത നൈജീരിയന്‍ സര്‍ക്കാറിന് നന്ദി അറിയിക്കുകയും ചെയ്തു.

‘ഇന്ന് രാത്രി എന്റെ നിര്‍ദേശപ്രകാരം അമേരിക്കന്‍ സൈന്യവും നൈജീരിയന്‍ സേനയും ചേര്‍ന്ന് വളരെ സൂക്ഷ്മമായി ആസൂത്രണം ചെയ്ത സങ്കീര്‍ണമായ ദൗത്യത്തിലൂടെ ലോകത്തിലെ ഏറ്റവും സജീവമായ ഭീകരനെ ഈ ലോകത്തുനിന്ന് ഇല്ലാതാക്കി. ആഗോളതലത്തില്‍ ഐ.എസിന്റെ രണ്ടാം സ്ഥാനക്കാരനായ അബു ബിലാല്‍ അല്‍ മിനൂക്കി കരുതിയത് ആഫ്രിക്കയില്‍ എന്നും ഒളിവില്‍ കഴിയാമെന്നാണ്. എന്നാല്‍ അയാള്‍ ചെയ്യുന്നതെല്ലാം അറിയിക്കുന്ന ചാരന്‍മാര്‍ അവിടെയുണ്ടെന്ന് അയാള്‍ അറിഞ്ഞിരുന്നില്ല. ഇനിമേല്‍ അയാള്‍ ആഫ്രിക്ക?യെ ഭീകരവല്‍ക്കരിക്കുകയോ അമേരിക്കക്കെതിരെ ഭീകരപ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുകയോ ഇല്ല. അയാളെ ഇല്ലാതാക്കിയതോടെ ഐ.എസിന്റെ ആഗോളതലത്തിലെ പ്രവര്‍ത്തനങ്ങളില്‍ വലിയ ആഘാതം സൃഷ്ടിക്കാനായി. ഈ നടപടിയില്‍ പങ്കാളിയായതിന് നൈജീരിയന്‍ സര്‍ക്കാറിന് നന്ദി. അമേരിക്കയെ ദൈവം രക്ഷിക്കട്ടെ’ -ട്രംപ് സമൂഹമാധ്യമമായ ട്രൂത്ത് സോഷ്യലില്‍ കുറിച്ചു.

Leave a Reply

Your email address will not be published. Required fields are marked *