വീണ്ടും വര്‍ദ്ധിപ്പിച്ച് ഇന്ധനവില; ജൂണില്‍ മാത്രം കൂട്ടിയത് ഒന്‍പത് തവണ

രാജ്യത്ത് ഇന്ധനവില വീണ്ടും വര്‍ദ്ധിപ്പിച്ചു. ഇന്ന് പെട്രോളിന് 25 പൈസയും ഡീസലിന് 14 പൈസയുമാണ് വര്‍ദ്ധിപ്പിച്ചത്. തിരുവനന്തപുരത്ത് നിലവില്‍ ഒരു ലീറ്റര്‍ പെട്രോളിന് 98.70 രൂപയും ഡീസലിന് 93.93 രൂപയുമായി. കൊച്ചിയില്‍ പെട്രോളിന് 96.76 രൂപയും ഡീസലിന് 92.11 രൂപയുമാണ്. പെട്രോളിന് 97.13 രൂപയും ഡീസലിന് 92.47 രൂപയുമാണ് കോഴിക്കോട്ടെ വില.

ജൂണ്‍ മാസമാരംഭിച്ച് വെറും പതിനാറ് ദിവസത്തിനിടെ ഇത് ഒമ്പതാം തവണയാണ് ഇന്ധന വില കൂട്ടുന്നത്. ഇന്ധന വില വര്‍ദ്ധനവിനോടനുബന്ധിച്ച് രാജ്യത്ത് വിലക്കയറ്റവും രൂക്ഷമാകുകയാണ്. വാറ്റ് നികുതിയും ചരക്കുകൂലിയും മറ്റ് പ്രാദേശിക നികുതികളും അനുസരിച്ച് ഓരോ നഗരങ്ങളിലും ഇന്ധന വില വ്യത്യാസപ്പെട്ടിരിക്കുന്നു. രാജസ്ഥാനാണ് രാജ്യത്ത് ഏറ്റവും കൂടുതല്‍ വാറ്റ് നികുതി ഈടാക്കുന്ന സംസ്ഥാനം. പിന്നാലെ മധ്യപ്രദേശ്, മഹാരാഷ്ട്ര, ആന്ധ്രപ്രദേശ്, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങളാണ്.

രാജസ്ഥാന്‍, മധ്യപ്രദേശ്, മഹാരാഷ്ട്ര, ആന്ധ്ര പ്രദേശ്, തെലങ്കാന സംസ്ഥാനങ്ങളിലും ലഡാക്കിലും പെട്രോള്‍ വില 100ന് പുറത്താണ്. രാജ്യാന്തര വിപണിയിലെ എണ്ണ വിലയും രൂപ- ഡോളര്‍ വിനിമയ നിരക്കും കണക്കാക്കിയാണ് പൊതുമേഖലാ എണ്ണ കമ്പനികളായ ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷനും ഭാരത് പെട്രോളിയം കോര്‍പറേഷനും ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പറേഷനും എല്ലാ ദിവസവും രാവിലെ ആറു മണിക്ക് വില പുതുക്കി നിശ്ചയിക്കുന്നത്.

അതേസമയം പെട്രോള്‍, ഡീസല്‍ വില വര്‍ദ്ധനക്കെതിരെ സിപിഎമ്മിന്റെ രാജ്യവ്യാപക പ്രക്ഷോഭത്തിന് ഇന്ന് തുടക്കം കുറിക്കും. ജൂണ്‍ 30വരെ എല്ലാ സംസ്ഥാനങ്ങളിലും പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കാനാണ് തീരുമാനം. കേന്ദ്ര സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് മുന്‍പില്‍ ധര്‍ണ്ണയും ഉപരോധവും സംഘടിപ്പിക്കും. ഇന്ധന വില വര്‍ദ്ധനക്കെതിരെ രാജ്യവ്യാപക പ്രക്ഷോഭത്തിന് കോണ്‍ഗ്രസും ആഹ്വാനം ചെയ്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *