ഫ്ലൈ ജാക്ക് ലോജിസ്റ്റിക്സ് കമ്പനി ഉടമ മാധവ വാര്യര്‍ ബിനാമിയാണെന്ന സ്വപ്ന സുരേഷിന്‍റെ ആരോപണത്തിൽ പ്രതികരണവുമായി കെ.ടി. ജലീല്‍ എംഎല്‍എ. തിരുനാവായക്കാരന്‍ മാധവ വാര്യരായത് നന്നായിയെന്നും വല്ല കുഞ്ഞിപ്പോക്കറിന്റെയോ മറ്റോ പേര് പറഞ്ഞിരുന്നെങ്കില്‍ കെണിഞ്ഞേനെയെന്നും അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു.ഫ്ലൈ ജാക്ക് ലോജിസ്റ്റിക്സ് ഉടമ മാധവൻ വാര്യരാണ് കെ ടി ജലീലിന്‍റെ ബിനാമിയെന്നാണ് സ്വപ്ന സുരേഷിന്‍റെ ആരോപണം. മുംബൈ ആസ്ഥാനമാക്കിയാണ് കമ്പനി പ്രവര്‍ത്തിക്കുന്നത്. സംസ്ഥാനത്തിന് പുറത്തെ കോണ്‍സുലേറ്റ് വഴിയും ഖുറാന്‍ എത്തിച്ചുവെന്ന് കോണ്‍സല്‍ ജനറല്‍ വെളിപ്പെടുത്തിയതായും സ്വപ്ന പറയുന്നു.
നിയമസഭാ മുൻ സ്പീക്കർ പി ശ്രീരാമകൃഷ്ണൻ എന്നിവർക്കെതിരെയും ഗുരുതര ആരോപണങ്ങൾ സ്വപ്ന ഉന്നയിച്ചു . സുഹൃത്ത് നിയന്ത്രിക്കുന്ന മിഡിൽ ഈസ്റ്റ്‌ കോളജിന് ഷാർജയിൽ ഭൂമി ലഭിക്കാൻ ശ്രീരാമകൃഷ്ണൻ ഇടപെട്ടതായും കോണ്‍സുല്‍ ജനറലിന് കൈക്കൂലി നല്‍കിയതായും സ്വപ്ന പറയുന്നു.

ഷാര്‍ജ ഭരണാധികാരിയുമായി കൂടിക്കാഴ്ചയ്ക്ക് അവസരമൊരുക്കണമെന്ന് ശ്രീരാമകൃഷ്ണന്‍ ആവശ്യപ്പെട്ടു. താന്‍ ഇടപെട്ട് ഇതിനുള്ള അവസരമൊരുക്കിയെന്നു സത്യവാങ്മൂലത്തില്‍ പറയുന്നു. ഷാര്‍ജയില്‍ വിദ്യാഭ്യാസ സ്ഥാപനം തുടങ്ങാനായിരുന്നു പദ്ധതിയെന്നും സത്യവാങ്മൂലത്തില്‍ പരാമര്‍ശമുണ്ട്.
അതേസമയം, ഷാര്‍ജ ഭരണാധികാരിക്ക് ഡി ലിറ്റ് നല്‍കാന്‍ ജലീല്‍ സമ്മര്‍ദ്ദം ചെലുത്തിയെന്നും സ്വപ്ന ആരോപിക്കുന്നു. ഇതിനായി വൈസ് ചാന്‍സലര്‍ ഡോ. കെ മുഹമ്മദ് ബഷീറിനെ ജലീല്‍ സ്വാധീനിച്ചുവെന്നും സ്വപ്ന കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തിൽ വെളിപ്പെടുത്തുന്നു.

പിണറായി വിജയൻ, ഭാര്യ കമല, മകൾ വീണ, പി ശ്രീരാമകൃഷ്ണൻ, കെ ടി ജലീൽ, എം ശിവശങ്കർ അടക്കം ഉൾപ്പെട്ട് കോണ്‍സുലേറ്റ് കേന്ദ്രീകരിച്ച് സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടെന്ന് സ്വപ്ന ആരോപിക്കുന്നു. ഇതുൾപ്പെട്ട തന്‍റെ രഹസ്യമൊഴിയുടെ വിവരങ്ങൾ പുറത്തുവരുന്നത് തടയാനാണ് കെ ടി ജലീൽ ശ്രമിക്കുന്നതെന്നാണ് സ്വപ്ന സുരേഷ് കഴിഞ്ഞ ദിവസം ഹൈക്കോടതിയിൽ പറഞ്ഞത്.

Leave a Reply

Your email address will not be published. Required fields are marked *