
ഇ റാന്‍ തലസ്ഥാനമായ ടെഹ്‌റാന്‍ അടക്കമുള്ള മേഖലയുടെ വ്യോമപരിധി പൂര്‍ണ്ണമായും നിയന്ത്രണത്തിലാക്കിയെന്ന് അവകാശപ്പെട്ട് ഇസ്രയേല്‍ പ്രതിരോധസേന. ഇറാന്റെ ബാലിസ്റ്റിക് മിസൈല്‍ ലോഞ്ചറുകളില്‍ മൂന്നിലൊന്നും പ്രതിരോധസേന തകര്‍ത്തതായും ഇസ്രയേല്‍ അവകാശപ്പെട്ടു. ഇറാനുമായുള്ള യുദ്ധം നാലാംദിനത്തിലും രൂക്ഷമായി തുടുരുന്നതിനിടെയാണ് ഇസ്രയേല്‍ പ്രതിരോധസേനയുടെ അവകാശവാദം.ഞായറാഴ്ച രാത്രിയിലും തിങ്കളാഴ്ച പുലര്‍ച്ചെയുമായി 65 ബാലിസ്റ്റിക് മിസൈലുകളും ഡസണ്‍ കണക്കിന് ഡ്രോണുകളുമാണ് ഇറാന്‍ ഇസ്രയേലിലേക്ക് വിക്ഷേപിച്ചത്.ഇതില്‍ ഭൂരിപക്ഷവും തകര്‍ത്തതായും ഇസ്രയേല്‍ സേന പറഞ്ഞു. എന്നാല്‍ മൂന്നിടങ്ങളില്‍ ഇറാന്‍ മിസൈലുകള്‍ പതിച്ചതിനെത്തുടര്‍ന്ന് എട്ട് പേര്‍ കൊല്ലപ്പെട്ടതായും അവര്‍ സ്ഥിരീകരിച്ചു.
വിക്ഷേപിക്കുന്നതിന് മുമ്പേ ഇറാനില്‍ വെച്ച് തന്നെ ഇസ്രയേല്‍ വ്യോമസേന ഒറ്റരാത്രിയില്‍ 20 ബാലിസ്റ്റിക് മിസൈലുകള്‍ ഒരേസമയം തകര്‍ത്തുവെന്നും ഐഡിഎഫ് വക്താവ് എഫീ ഡെഫ്രിന്‍ പറഞ്ഞു.ഏകദേശം 50 യുദ്ധവിമാനങ്ങളും ഡ്രോണുകളും ഉപയോഗിച്ച് മിസൈല്‍ സംഭരണ കേന്ദ്രങ്ങളും, മിസൈലുകള്‍ വിക്ഷേപിക്കാന്‍ ഇറാനിയന്‍ സൈനികര്‍ ഒത്തുകൂടിയ കമാന്‍ഡ് സെന്ററുകളും കണ്ടെത്തി ആക്രമിച്ചതായും ഐഡിഎഫ് പറയുന്നു.
സംഘര്‍ഷം ആരംഭിച്ചതിനുശേഷം, 120-ലധികം ഇറാനിയന്‍ ബാലിസ്റ്റിക് മിസൈല്‍ ലോഞ്ചറുകളാണ് തകര്‍ത്തത്. ഇത് ഇറാന്റെ കൈവശമുള്ളതിന്റെ മൂന്നിലൊന്ന് വരുമെന്നും ഐഡിഎഫ് വ്യക്തമാക്കി. ഇതിനിടെ പടിഞ്ഞാറന്‍ ഇറാനില്‍ ഇസ്രായേല്‍ പുതിയ ആക്രമണം ആരംഭിച്ചതായി ഇറാനി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.സംഘര്‍ഷത്തിനിടെ ഏത് ആക്രമണത്തിനെതിരെയും ഒന്നിച്ച് ഉറച്ചുനില്‍ക്കാന്‍ ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാന്‍ ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.
‘നമ്മള്‍ ആക്രമണകാരികളല്ല. ഇന്ന് എന്നത്തേക്കാളും കെട്ടുറപ്പും ഐക്യവും നമുക്ക് ആവശ്യമാണ്. ഇറാനിലെ എല്ലാ ജനങ്ങളും കൈകോര്‍ത്ത് ആക്രമണത്തിനെതിരെ ഉറച്ചുനില്‍ക്കണം’ തിങ്കളാഴ്ച പാര്‍ലമെന്റ് സമ്മേളനത്തെ അഭിസംബോധന ചെയ്യവെ പെസെഷ്‌കിയാന്‍ പറഞ്ഞു. ഇറാന്‍ നയതന്ത്രത്തിന് ഒരു അവസരം നല്‍കുകയും ചര്‍ച്ചകള്‍ക്കും സംഭാഷണങ്ങള്‍ക്കും വഴി തുറക്കുകയും ചെയ്തുവെന്നും അദ്ദേഹം പറഞ്ഞു.
കൊലപാതകത്തിലൂടെയും ഭീകരതയിലൂടെയും ശത്രുവിന് ഇറാനെയും ഇവിടുത്തെ ജനങ്ങളെയും നശിപ്പിക്കാന്‍ കഴിയില്ല. ഓരോ ആക്രമണത്തിന് ശേഷവും പതാക ഏറ്റെടുത്ത് ഈ പാത മുന്നോട്ട് കൊണ്ടുപോകുന്ന നൂറുകണക്കിന് മറ്റ് വീരന്മാരുണ്ട് ഇവിടെയെന്നും അദ്ദേഹം പറഞ്ഞു.
തന്റെ രാജ്യം ആണവായുധങ്ങള്‍ സ്വന്തമാക്കാന്‍ ശ്രമിക്കുന്നില്ലെന്ന് പെസെഷ്‌കിയാന്‍ ആവര്‍ത്തിച്ചു. എന്നാല്‍, ജനങ്ങള്‍ക്ക് പ്രയോജനം ചെയ്യുന്ന ആണവോര്‍ജ്ജത്തില്‍ നിന്നും ഗവേഷണത്തില്‍ നിന്നും പ്രയോജനം നേടാനുള്ള അവകാശം രാജ്യത്തിനുണ്ടെന്നും അതാര്‍ക്കും തട്ടിമാറ്റാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.