കൊടകര കുഴല്‍പ്പണ കേസില്‍ ബിജെപി നേതാക്കള്‍ പ്രതികളല്ലെന്ന് പൊലീസ്. കേസില്‍ ആകെ 22 പ്രതികളാണുള്ളത്. കേസില്‍ കുറ്റപത്രം ജൂലൈ 24-ന് ഇരിഞ്ഞാലക്കുട കോടതിയിൽ സമര്‍പ്പിക്കാനാണ് അന്വേഷണസംഘത്തിന്റെ തീരുമാനം.
കേസുമായി ബന്ധപ്പെട്ട് ജൂലൈ 14-ന് സംസ്ഥന അധ്യക്ഷൻ കെ സുരേന്ദ്രന് ഹാജരായിരുന്നു. ഒന്നര മണിക്കൂര്‍ ചോദ്യം ചെയ്ത ശേഷം സുരേന്ദ്രനെ അന്ന് വിട്ടയക്കുകയായിരുന്നു. കേസുമായി ബന്ധപ്പെട്ട് 19 ബിജെപി നേതാക്കളെയാണ് ചോദ്യം ചെയ്തത്.
കവർച്ചാ പണം മുഴുവൻ കണ്ടെടുക്കുക ദുഷ്കരമെന്നാണ് അന്വേഷണസംഘം പറയുന്നത്. ഇത് തെരഞ്ഞെടുപ്പിന് വേണ്ടി വന്ന പണമാണെന്ന് തെളിയിക്കാനുള്ള ഒന്നും അന്വേഷണസംഘത്തിന് കിട്ടിയിട്ടില്ല. ഈ പണത്തിന്റെ ഉറവിടം സംബന്ധിച്ച് ഒരു മൊഴികളും ബിജെപി നേതാക്കളിൽ നിന്ന് ലഭിച്ചില്ല. അതിനാൽ ഇത് ഒരു കവർച്ചാക്കേസ് മാത്രമായി കണക്കാക്കി ഒരു കുറ്റപത്രം സമർപ്പിക്കാനാണ് അന്വേഷണസംഘത്തിന്റെ തീരുമാനം.
പണത്തിന്റെ ഉറവിടത്തില്‍ ബിജെപികാര്‍ക്ക് പങ്കുണ്ടെന്ന് കുറ്റപത്രത്തില്‍ ആരോപിക്കുന്നുണ്ട്. കേസ് കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരം കേന്ദ്ര ഏജന്‍സി അന്വേഷിക്കണമെന്നായിരിക്കും കുറ്റപത്രത്തില്‍ പ്രധാനമായും ആവശ്യം ഉന്നയിക്കുക. ഇഡി അന്വേഷിക്കേണ്ട വകുപ്പാണിത്. നിലവില്‍ ബിജെപി നേതാക്കളൊന്നും കേസില്‍ സാക്ഷികളല്ല. എന്നാല്‍ പിന്നീട് പ്രോസിക്യൂട്ടര്‍ ചുമതലയേറ്റ ശേഷം കോടതി നടപടികള്‍ തുടങ്ങിയാലേ സാക്ഷി പട്ടികയില്‍ ബിജെപി നേതാക്കള്‍ വരുമോയെന്ന് അന്തിമമായി പറയാന്‍ കഴിയൂ.