നിയമസഭയില്‍ ആര്‍ക്കും ആരെയും വിമര്‍ശിക്കാമെന്ന് എം എം മണി എം എല്‍ എ. ഡല്‍ഹിയില്‍ വിമര്‍ശനം പാര്‍ലമെന്റ് ഗേറ്റിന് പുറത്താണ് എന്നാല്‍ കേരളത്തില്‍ വിമര്‍ശനം ആവാമെന്നാണ് എം എം മണി പറഞ്ഞത്.

വടകര എം എല്‍ എ കെ കെ രമയ്‌ക്കെതിരായ നിയമസഭയിലെ പ്രസംഗത്തില്‍ ഉറച്ചുനില്‍ക്കുമെന്ന് വ്യക്തമാക്കിയതിന് പിന്നാലെയാണ് അദ്ദേഹം ഫേസ്ബുക്കില്‍ ഇക്കാര്യം കുറിച്ചത്. എനിക്ക് നിങ്ങളെയും നിങ്ങള്‍ക്ക് എന്നെയും വിമര്‍ശിക്കാം എന്നും അദ്ദേഹം പോസ്റ്റില്‍ കുറിച്ചു.

അതേസമയം, കെകെ രമയ്ക്ക് നേരെ നടത്തിയ പരാമര്‍ശം പിന്‍വലിക്കില്ലെന്ന് എംഎം മണി ആവര്‍ത്തിച്ചിരുന്നു. നിയമസഭയില്‍ വിമര്‍ശനങ്ങള്‍ കേള്‍ക്കേണ്ടി വരും. അതിന് പറ്റുന്നില്ലെങ്കില്‍ എന്തിനാണ് കെകെ രമ നിയമസഭയിലേക്ക് വരുന്നതെന്ന് എംഎം മണി ചോദിച്ചു. വിധവ അല്ലേയെന്ന് ചോദിച്ചത് കോണ്‍ഗ്രസിലെ എംഎല്‍എമാരാണെന്നും മഹതിയെന്ന് പറഞ്ഞാല്‍ നല്ല ഭാഷയാണെന്നും എംഎം മണി വ്യക്തമാക്കി. വിധവയല്ലേയെന്ന പ്രതിപക്ഷത്തിന്റെ ചോദ്യത്തിന് മറുപടി നല്‍കുക മാത്രമാണ് താന്‍ ചെയ്തത്. കെകെ രമയെ മുന്‍നിര്‍ത്തിയുള്ള കോണ്‍ഗ്രസിന്റെ നീക്കമാണ് ഇപ്പോള്‍ നടക്കുന്ന വിവാദങ്ങളെന്നും എംഎം മണി റിപ്പോര്‍ട്ടര്‍ ടിവി എഡിറ്റേഴ്സ് അവറില്‍ പറഞ്ഞു. പരാമര്‍ശങ്ങളില്‍ ഖേദ പ്രകടനം നടത്തില്ലെന്നും എംഎം മണി ആവര്‍ത്തിച്ചു.

Leave a Reply

Your email address will not be published. Required fields are marked *