സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. കോഴിക്കോട് മഴക്കെടുതിയില്‍ രണ്ട് പേര്‍ മരണപ്പെട്ടു. എടച്ചേരി ആലിശേരി സ്വദേശി അഭിലാഷ് (40), ചെറുവണ്ണൂരില്‍ വിദ്യാര്‍ഥിയായ മുഹമ്മദ് മിര്‍ഷാദ് (13) എന്നിവരാണ് മരിച്ചത്.

അമ്മോത്ത് വീട്ടില്‍ മുസാഫിറിന്റെ മകന്‍ മുഹമ്മദ് മിര്‍ഷാദ് (12) മദ്രസ വിട്ട് സൈക്കിളില്‍ പോകുമ്പോള്‍ വലിയപറമ്പ് കുളത്തിലേക്ക് തെന്നിവീഴുകയായിരുന്നു. നാട്ടുകാര്‍ ചേര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം ഇപ്പോള്‍ സ്വകാര്യ ആശുപത്രിയില്‍.

ആലിശ്ശേരിയില്‍ പായല്‍നിറഞ്ഞ അമ്പലക്കുളത്തില്‍ വീണ് യുവാവ് മരിച്ചു. എടച്ചേരി ആലിശ്ശേരി മാമ്പയില്‍ അഭിലാഷ് (40) ആണ് മരിച്ചത്. പായലും ചെളിയും നിറഞ്ഞ കുളത്തില്‍ അഭിലാഷിനെ കാണാതാവുകയായിരുന്നു. എടച്ചേരി പൊലീസ് സ്റ്റേഷനില്‍നിന്നു ലഭിച്ച വിവരത്തെ തുടര്‍ന്ന് നാദാപുരം അഗ്‌നിരക്ഷ നിലയത്തിലെ അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫിസര്‍മാരായ സുജേഷ് കുമാര്‍, ഷമേജ് കുമാര്‍, ടി.വിനോദന്‍ എന്നിവരുടെ നേതൃത്വത്തില്‍ നാദാപുരം പേരാമ്പ്ര സ്‌ക്യൂബ ടീം നടത്തിയ തിരച്ചിലിനൊടുവില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു.

അതേസമയം, സംസ്ഥാനത്ത് അഞ്ച് ദിവസം കൂടി മഴ തുടരുമെന്ന് റവന്യൂ മന്ത്രി കെ രാജന്‍ പറഞ്ഞു. നാളെ അഞ്ച് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്. സംസ്ഥാനത്ത് 23 ക്യാമ്പുകള്‍ തുറന്നുവെന്നും മന്ത്രി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *