കോഴിക്കോട്: സ്‌കൂള്‍ സമയമാറ്റത്തില്‍ ബദല്‍ നിര്‍ദേശങ്ങളുമായി സമസ്ത. വിദ്യാഭ്യാസ മന്ത്രിയുമായുള്ള ചര്‍ച്ചയില്‍ സമസ്ത നിര്‍ദേശങ്ങള്‍ അറിയിക്കും. സമയമാറ്റത്തിലെ അധിക അരമണിക്കൂര്‍ വൈകിട്ടത്തേക്ക് മാറ്റുന്നതുള്‍പ്പെടെയുള്ള നിര്‍ദേശങ്ങളാണ് സമസ്ത മുന്നോട്ട് വെക്കുന്നത്. പാദ വാര്‍ഷിക അര്‍ധ വാര്‍ഷിക, മധ്യവേനലവധികള്‍ കുറച്ച് അധ്യയന സമയം കൂട്ടാം. മറ്റു സംസ്ഥാനങ്ങളുടെ അധ്യയന രീതി കൂടി പരിഗണിക്കുക തുടങ്ങിയ നിര്‍ദേശങ്ങള്‍ മുന്നോട്ടുവെക്കും.

ഇന്നലെ ചേര്‍ന്ന സമസ്ത ഏകോപന സമിതിയില്‍ വന്ന നിര്‍ദ്ദേശങ്ങളാണ് വിദ്യാഭ്യാസ മന്ത്രിയുമായുള്ള ചര്‍ച്ചയില്‍ മുന്നോട്ടുവെക്കുക. വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി ജിഫ്രി മുത്തുക്കോയ തങ്ങളെ നേരിട്ട് വിളിച്ചാണ് ചര്‍ച്ചക്ക് ക്ഷണിച്ചിരിക്കുന്നത്. എങ്കിലും തീരുമാനത്തില്‍ മാറ്റമുണ്ടാകില്ലെന്നും തീരുമാനം അവരെ ബോധ്യപ്പെടുത്താന്‍ വേണ്ടിയാണ് ചര്‍ച്ചയെന്നും മന്ത്രി പറഞ്ഞു. എന്നാല്‍ സമയമാറ്റവുമായി ഒരു നിലക്കും യോജിച്ചുപോകാന്‍ സാധിക്കില്ല എന്നതാണ് സമസ്തയുടെ നിലപാട്. 12 ലക്ഷത്തോളം വിദ്യാര്‍ത്ഥികള്‍ സമസ്തയുടെ മദ്രസകളില്‍ മാത്രമായി പഠിക്കുന്നുണ്ട്. അത്രയും കുട്ടികളുടെ പഠനത്തെ ബാധിക്കുന്ന ഒരു വിഷയത്തില്‍ നിന്ന് പിന്നോട്ടില്ല എന്ന നിലപാടില്‍ തന്നെയാണ് സമസ്ത.

Leave a Reply

Your email address will not be published. Required fields are marked *