കോട്ടയം: ഏറ്റുമാനൂരില്‍ അമ്മയും രണ്ട് പെണ്‍മക്കളും ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍ത്താവായ നോബിക്കെതിരെ അന്വേഷണം പൂര്‍ത്തിയാക്കി പൊലീസ് കുറ്റപത്രത്തില്‍ പറയുന്നു. ഭര്‍ത്താവില്‍ നിന്നുള്ള ക്രൂരമായ ശാരീരികവും മാനസികവുമായ പീഡനങ്ങളാണ് ഷൈനിയുടെയും മക്കളുടെയും ആത്മഹത്യക്ക് കാരണമായതെന്ന് കുറ്റപത്രത്തില്‍ പൊലീസ് പറയുന്നു.

ഷൈനിയുടെ ആത്മഹത്യാക്കുറിപ്പില്‍ നോബിയുടെ പീഡനങ്ങളെക്കുറിച്ച് വിശദീകരിച്ചിട്ടുണ്ടെന്നാണ് സൂചന. ഭര്‍ത്താവില്‍ നിന്ന് ക്രൂരമായ പീഡനം നേരിട്ടിരുന്നതായി ഷൈനി സുഹൃത്തുക്കള്‍ക്ക് അയച്ച ഓഡിയോ സന്ദേശങ്ങളിലും വ്യക്തമാക്കിയിരുന്നു. ഇതെല്ലാം പൊലീസ് വിശദമായി പരിശോധിച്ചിട്ടുണ്ട്. ഏറ്റുമാനൂര്‍ പൊലീസ് സമര്‍പ്പിക്കുന്ന കുറ്റപത്രത്തില്‍ അമ്പതോളം സാക്ഷികളുടെ മൊഴികള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഷൈനിയുടെ മകനും ട്രെയിന്‍ ഓടിച്ച ലോക്കോപൈലറ്റും ഇതില്‍ സാക്ഷികളാണ്. 170 ആം ദിവസമാണ് അന്വേഷണ സംഘം കുറ്റപത്രം നല്‍കുന്നത്.

നോബിയുമായി പിണങ്ങി സ്വന്തം വീട്ടിലേക്ക് മടങ്ങിയതിനു ശേഷവും ഷൈനിയെ നോബി നിരന്തരം പിന്തുടര്‍ന്ന് ശല്യപ്പെടുത്തിയിരുന്നതായും കുറ്റപത്രത്തില്‍ പറയുന്നു. ആത്മഹത്യ നടന്ന ദിവസവും നോബി ഷൈനിയെ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയിരുന്നു. ഇതിന് പുറമെ സാമ്പത്തിക പ്രശ്‌നങ്ങളും ഷൈനിയെ കടുത്ത മാനസിക സമ്മര്‍ദ്ദത്തിലാക്കിയിരുന്നു.

നോബിയുടെ പിതാവിന്റെ ചികിത്സയ്ക്കായി ഷൈനി ഇടുക്കി കരിങ്കുന്നം പുലരി കുടുംബശ്രീ യൂണിറ്റില്‍ നിന്ന് മൂന്ന് ലക്ഷത്തിലധികം രൂപ വായ്പ എടുത്തിരുന്നു. ഭര്‍തൃവീട്ടില്‍ നിന്ന് മടങ്ങിയതോടെ തിരിച്ചടവ് മുടങ്ങി. കുടുംബശ്രീ അംഗങ്ങള്‍ പണം ആവശ്യപ്പെട്ടപ്പോള്‍ ഭര്‍ത്താവില്‍ നിന്ന് പണം വാങ്ങിത്തരണമെന്ന് ഷൈനി ആവശ്യപ്പെട്ടെങ്കിലും നോബിയുടെ കുടുംബം അതിന് തയ്യാറായില്ല.

Leave a Reply

Your email address will not be published. Required fields are marked *