സിപിഐ നേതാവും ജെഎൻയു വിദ്യാർത്ഥി യൂണിയൻ മുൻ പ്രസിഡന്റുമായ കനയ്യ കുമാർ രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി.ചൊവ്വാഴ്ചയായിരുന്നു കൂടിക്കാഴ്ച എന്നാണ് റിപ്പോർട്ടുകൾ. സിപിഐ വിട്ട് കനയ്യകുമാർ കോൺ​ഗ്രസിലെത്തുമെന്ന അഭ്യൂഹങ്ങൾ നിലനിൽക്കുന്നതിന് ഇടയിലാണ് കൂടിക്കാഴ്ച. രണ്ടു വർഷത്തിനിടയിൽ നിരവധി യുവനേതാക്കൾ കൊഴിഞ്ഞു പോയ കോൺഗ്രസിലേക്കുള്ള അദ്ദേഹത്തിന്റെ വരവിന് കളമൊരുങ്ങുന്നതിന്റെ സൂചനയാണ് കൂടിക്കാഴ്ച എന്നാണ് വിവരം.കനയ്യ കുമാറിനൊപ്പം ഗുജറാത്ത് എംഎൽഎയും രാഷ്ട്രീയ ദലിത് അധികർ മഞ്ച് കൺവീനറും ആയ ജിഗ്നേഷ് മേവാനിയും കോൺഗ്രസിലേക്കെന്ന സൂചനകളുണ്ട്.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ വടക്കൻ ഗുജറാത്തിലെ ബനസ്കന്ത ജില്ലയിലെ വഡ്ഗാം മണ്ഡലത്തിൽ സ്ഥാനാർത്ഥിയെ നിർത്താതെ കോൺഗ്രസ് മേവാനിയെ സഹായിച്ചിരുന്നു.സിപിഐയിൽ കനയ്യ അസ്വസ്ഥനാണെന്നും ചൊവ്വാഴ്ച അദ്ദേഹം രാഹുൽഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയെന്നും കോൺഗ്രസിലേക്ക് പോകുന്നതിനെക്കുറിച്ച് ഇരുവരും ചർച്ച ചെയ്തതായാണ് അറിവെന്നും അടുത്ത വൃത്തങ്ങൾ പറഞ്ഞു.

അതേസമയം കനയ്യ പാർട്ടി വിടുന്നത് സംബന്ധിച്ച് ഊഹാപോഹങ്ങൾ മാത്രമാണ് കേട്ടതെന്ന് സിപിഐ ജനറൽ സെക്രട്ടറി ഡി രാജ പറഞ്ഞു. ഈ മാസം ആദ്യം നടന്ന പാർട്ടിയുടെ ദേശീയ എക്സിക്യൂട്ടീവ് യോഗത്തിൽ കനയ്യ പങ്കെടുക്കുകയും സംസാരിക്കുകയും ചെയ്തിരുന്നു എന്നും അദ്ദേഹം പറഞ്ഞു.

അഭ്യൂഹങ്ങളോട് കനയ്യ ഇതുവരെ പ്രതികരിച്ചിട്ടിലെങ്കിലും ബീഹാർ രാഷ്ട്രീയത്തിൽ ഒരു പ്രധാന പങ്ക് വഹിക്കാൻ അദ്ദേഹത്തിന് താൽപ്പര്യമുണ്ടെന്ന് കോൺഗ്രസ് വൃത്തങ്ങൾ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *