എസ്.ഐയെകൊണ്ട് നിര്‍ബന്ധിച്ച് സല്യൂട്ട് അടിപ്പിച്ച സംഭവത്തില്‍ സുരേഷ് ഗോപിയെ പിന്തുണച്ച് എം.എല്‍.എ ഗണേഷ് കുമാര്‍.പാര്‍ലമെന്റ് അംഗത്തെ പൊലീസ് ഉദ്യോഗസ്ഥന്‍ സല്യൂട്ട് ചെയ്യണമെന്നും അത് മര്യാദയാണെന്നും ഗണേഷ് കുമാര്‍ പറഞ്ഞു. പ്രോട്ടോക്കോള്‍ വിഷയയൊക്കെ വാദപ്രതിവാദത്തിന് വേണ്ടി ഉന്നയിക്കുന്നതാണ്. സുരേഷ്‌ഗോപി സല്യൂട്ട് ചോദിച്ചുവാങ്ങേണ്ടി വന്നത് ഉദ്യോഗസ്ഥന്റെ കുഴപ്പമാണ്. ഉദ്യോഗസ്ഥര്‍ മനസില്‍ ഈഗോ കൊണ്ടുനടക്കരുതെന്നും ഗണേഷ് കുമാര്‍ ആവശ്യപ്പെട്ടു.
കഴിഞ്ഞ ദിവസം സുരേഷ് ഗോപി നിര്‍ബന്ധിച്ച് പൊലീസ് ഉദ്യോഗസ്ഥനെ കൊണ്ട് സല്യൂട്ട് ചെയ്യിപ്പിക്കുന്ന വീഡിയോ വലിയ വിവാദം സൃഷ്ടിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സംഭവത്തില്‍ സുരേഷ് ഗോപിയെ പിന്തുണച്ച് ഗണേഷ് കുമാര്‍ മുന്നോട്ട് വന്നത്.
നിര്‍ബന്ധിച്ച് സല്യൂട്ട് ചെയ്യിപ്പിച്ച സംഭവത്തെ സുരേഷ് ഗോപി വ്യാഴാഴ്ച ന്യായീകരിച്ചിരുന്നു.
സല്യൂട്ട് വിവാദമാക്കിയത് മാധ്യമങ്ങളാണ്. പ്രശ്നത്തില്‍ ഉദ്യോഗസ്ഥന് പരാതിയുണ്ടോ എന്നായിരുന്നു സുരേഷ് ഗോപി ചോദിച്ചത്. പൊലീസ് അസോസിയേഷന്‍ വിഷയത്തില്‍ പ്രശ്നം ഉന്നയിച്ചിട്ടുണ്ട് എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് പൊലീസ് അസോസിയേഷന്‍ ജനാധിപത്യ സംവിധാനത്തിന്റെ ഭാഗമല്ല എന്നായിരുന്നു സുരേഷ് ഗോപിയുടെ മറുപടി.
