കൊല്ലം: മൈനാഗപ്പള്ളി ആനൂര്‍കാവില്‍ സ്കൂട്ടര്‍ യാത്രക്കാരിയെ ഇടിച്ചുവീഴ്ത്തി കാര്‍ കയറ്റിയിറക്കിയ സംഭവത്തില്‍ അറസ്റ്റിലായ അജ്മലിനൊപ്പം സഞ്ചരിച്ചിരുന്ന വനിതാ ഡോക്ടറെ ജോലിയില്‍ നിന്ന് പുറത്താക്കി. വനിതാ ഡോക്ടറെ പുറത്താക്കിയെന്ന് കരുനാഗപ്പള്ളിയിലെ സ്വകാര്യ ആശുപത്രി മാനേജ്മെന്റ് അറിയിച്ചു. അപകടവുമായി ബന്ധപ്പെട്ട് അജ്മലിനെയും വനിതാ ഡോക്ടറെയും കൊല്ലം റൂറല്‍ എസ്പി ചോദ്യം ചെയ്ത് വരികയാണ്.
അതിനിടെ അജ്മലിനെതിരെ പൊലീസ് കുറ്റകരമായ നരഹത്യയ്ക്ക് കേസെടുത്തു. അജ്മലും ഡോക്ടറായ യുവതിയും മദ്യപിച്ചിരുന്നതായി തെളിഞ്ഞതായി പൊലീസ് അറിയിച്ചു. ഒരു സുഹൃത്തിന്റെ വീട്ടില്‍ പാര്‍ട്ടി കഴിഞ്ഞ് ഇരുവരും മടങ്ങി വരുമ്പോഴാണ് അപകടമുണ്ടായത്. നാട്ടുകാര്‍ ആക്രമിക്കുമോയെന്ന് ഭയന്നാണ് മുന്നോട്ടു വാഹനമെടുത്ത് പോയതെന്ന് പ്രതി പറഞ്ഞു. അതിനിടെ അജ്മലിന് ക്രിമിനല്‍ പശ്ചാത്തലമുളളതായും പൊലീസ് അറിയിച്ചു. അജ്മല്‍ അഞ്ചു കേസുകളില്‍ പ്രതിയാണ്. മോഷണം, പൊതുമുതല്‍ നശിപ്പിക്കല്‍, ചന്ദനക്കടത്ത്, വഞ്ചന, എന്നിവയാണ് മറ്റു കേസുകളെന്നും പൊലീസ് അറിയിച്ചു.