എൻഡോസൾഫാൻ ദുരിതബാധിതരുടെ പ്രശ്നങ്ങൾക്ക് പരിഹാരം തേടി സാമൂഹിക പ്രവർത്തക ദയാബായി നടത്തുന്ന നിരാഹാര സമരം ഒത്തുതീർപ്പാക്കാൻ സർക്കാർ. എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് നീതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ 15 ദിവസമായി ദയാബായി നിരാഹാരത്തിലാണ്. പിന്നാലെയാണ് വിഷയത്തിൽ മുഖ്യമന്ത്രിയുടെ ഇടപെടൽ.ചർച്ചയ്ക്കായി ആരോഗ്യ മന്ത്രി വീണ ജോർജ്, ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു എന്നിവരെയാണ് ചുമതലപ്പെടുത്തിയത്. ഇന്ന് ഉച്ചയ്ക്ക് 12 മണിക്കാണ് ചർച്ച.
കഴിഞ്ഞ ദിവസം സെക്രട്ടേറിയറ്റിന് മുന്നിൽ നിരാഹാര സമരം നടത്തുന്ന ദയാബായിയെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ആരോഗ്യസ്ഥിതി മോശമായതോടെയാണ് ആശുപത്രിയിലേക്ക് മാറ്റിയത്. എൻഡോസൾഫാൻ ദുരിത ബാധിതർക്കായി പഞ്ചായത്തുകൾ തോറും ദിനപരിചരണ കേന്ദ്രങ്ങൾ തുടങ്ങുക, മെഡിക്കൽ കോളേജ് പൂര്‍ണ സജ്ജമാക്കുക, എയിംസ് പരിഗണനാപ്പട്ടികയിലേക്ക് കാസര്‍കോഡിനേയും ഉൾപ്പെടുത്തുക എന്നീ ആവശ്യങ്ങൾ ഉയർത്തിയാണ് ദയാബായിയുടെ സമരം.
