കൊച്ചി: മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന് തിരിച്ചടി. പ്രതികളെ കുറ്റവിമുക്തരാക്കിയ കാസര്‍കോട് ജില്ലാ സെഷന്‍സ് കോടതി വിധി ഹൈക്കോടതി സ്റ്റേ ചെയ്തു. സര്‍ക്കാര്‍ നല്‍കിയ റിവിഷന്‍ ഹര്‍ജി ഫയലില്‍ സ്വീകരിച്ചു. സുരേന്ദ്രന് നോട്ടീസ് അയക്കും.

സുരേന്ദ്രനെ കുറ്റവിമുക്തനാക്കിയത് സിപിഎം-ആര്‍എസ്എസ് ഡീലിന്റെ ഭാഗമായാണെന്ന ആരോപണം പ്രതിപക്ഷം ശക്തിമാക്കിയതിനു പിന്നാലെയാണ് സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചത്. കേസില്‍ സുരേന്ദ്രന്‍ ഉള്‍പ്പടെ ആറ് ബിജെപി നേതാക്കളെയും കാസര്‍കോട് ജില്ലാ സെഷന്‍സ് കോടതി കുറ്റവിമുക്തരാക്കിയിരുന്നു. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ മഞ്ചേശ്വരം മണ്ഡലത്തിലെ ബിഎസ്പി സ്ഥാനാര്‍ഥിയായിരുന്ന കെ. സുന്ദരയെ തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തി നാമനിര്‍ദേശ പത്രിക പിന്‍വലിപ്പിച്ചെന്നായിരുന്നു ക്രൈംബ്രാഞ്ച് സമര്‍പ്പിച്ച കുറ്റപത്രത്തിലെ കണ്ടെത്തല്‍.

പകരമായി രണ്ടരലക്ഷം രൂപയും മൊബൈല്‍ ഫോണും സുന്ദരയ്ക്ക് നല്‍കി. എന്നാല്‍ കേസ് രാഷ്ട്രീയ പ്രേരിതമാണെന്നും ഒഴിവാക്കണമെന്നും ആവശ്യപ്പെട്ട് സുരേന്ദ്രനടക്കമുള്ളവര്‍ വിടുതല്‍ ഹരജി നല്‍കി. ഇത് അംഗീകരിച്ചുകൊണ്ടാണ് കോടതി ആറുപ്രതികളെയും കേസില്‍ നിന്ന് ഒഴിവാക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *