ഡൽഹി: സിഎംആർഎൽ-എക്സാലോജിക് കേസിൽ അപ്പീൽ അനുമതി നിഷേധിച്ച ഹൈക്കോടതി വിധിക്ക് എതിരെ പിണറായി വിജയൻ സുപ്രീംകോടതിയിൽ. ഹർജി ഇന്ന് തന്നെ പരിഗണിച്ചേക്കും എന്നാണ് വിവരം. ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവ് ഡിവിഷൻ ബെഞ്ചും ശരിവച്ചതോടെ ആണ് പിണറായിയുടെ തിരക്കിട്ട നീക്കം.

ഹൈക്കോടതിയുടെ ഡിവിഷൻ ബെഞ്ച് ഉത്തരവ് വന്നതിന് തൊട്ട് പിന്നാലെ മുതിർന്ന അഭിഭാഷകരുമായി കൂടിക്കാഴ്ചയും ആലോചനയും നടത്തിയ ശേഷമാണ് സുപ്രീം കോടതിയിൽ പിണറായി വിജയൻ ഉൾപ്പെടെയുള്ളവരുടെ അപ്പീൽ എത്തിയത്. ഇന്ന് തന്നെ കേസുമായി ബന്ധപ്പെട്ട പ്രാഥമികമായ കാര്യങ്ങൾ കോടതിക്ക് മുൻപാകെ ബോധ്യപ്പെടുത്തിയേക്കും.

ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവ് നിയമപരമായിരുന്നില്ല, തങ്ങളുടെ ഭാഗം കേൾക്കാതെയാണ് എന്ന വാദം ഡിവിഷൻ ബെഞ്ച് മുൻപാകെ ഉന്നയിച്ചിരുന്നു. എന്നാൽ, ഈ വാദം അംഗീകരിക്കാതെ എഫ്ഐആർ രജിസ്റ്റർ ചെയ്യാമെന്ന വാദം ശരിവയ്ക്കുകയായിരുന്നു. ഇതിനെതിരെയാണ് ഇപ്പോൾ സുപ്രീം കോടതിയിൽ അപ്പീൽ സമർപ്പിച്ചിട്ടുള്ളത്.

അപ്പീലിൽ ചൂണ്ടിക്കാണിക്കുന്നത് സിംഗിൾ ബെഞ്ച് ഉത്തരവിൽ സ്വാഭാവികനീതിയുടെ ലംഘനം ഉണ്ടായി എന്നതാണ്. തങ്ങളുടെ ഭാഗം കേൾക്കാതെയാണ് ഉത്തരവിട്ടത്. പ്രതികളുടെ ഭാഗം കോടതി കേൾക്കേണ്ടതായിരുന്നു. അത്തരത്തിൽ കേൾക്കാതെ ഉത്തരവിട്ട സിംഗിൾ ബെഞ്ച് ഉത്തരവ് ഡിവിഷൻ ബെഞ്ച് ശരിവയ്ക്കുകയാണ് ചെയ്തത്. സിംഗിൾ ബെഞ്ചും ഡിവിഷൻ ബെഞ്ചും തങ്ങളുടെ ഭാഗം കേട്ടില്ല. അതിനാൽ ഈ അപ്പീൽ പരിഗണിക്കണമെന്ന ഹർജി സുപ്രീം കോടതി പരിഗണിക്കണം. തങ്ങളുടെ മൗലികമായ അവകാശം സംരക്ഷിക്കണമെന്നുമാണ് ഈ ഹർജിയിൽ പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *