വിവാദ പ്രസ്താവനകൾക്കിടെ കെപിസിസി അധ്യക്ഷസ്ഥാനത്തു നിന്നും മാറാന്‍ സന്നദ്ധത അറിയിച്ച് കെ സുധാകരന്‍. ഇക്കാര്യം വ്യക്തമാക്കി സുധാകരന്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധിക്ക് കത്തയച്ചു.കെപിസിസിയും പ്രതിപക്ഷവും ഒന്നിച്ച് പോകുന്നില്ലെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശനിൽ നിന്നും തനിക്ക് പിന്തുണ ലഭിക്കുന്നില്ലെന്നും സുധാകരൻ കത്തിൽ കുറ്റപ്പെടുത്തുന്നുണ്ട്. താൻ സ്ഥാനമൊഴിഞ്ഞാൽ പകരം ചെറുപ്പക്കാർക്ക് പദവി നൽകണമെന്ന് സുധാകരൻ കത്തിൽ ആവശ്യപ്പെട്ടു.കെ സുധാകരന്റെ പ്രസ്താവനയെ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, കെ മുരളീധരന്‍, എംഎം ഹസ്സന്‍ തുടങ്ങിയ നേതാക്കള്‍ തള്ളിപ്പറഞ്ഞിരുന്നു. വിവാദ പ്രസ്താവനകള്‍ക്കെതിരെ മുസ്ലിം ലീഗും പരസ്യമായി രംഗത്തു വന്നിരുന്നു.പാര്‍ട്ടിയെയും പ്രതിപക്ഷത്തേയും ഒന്നിച്ചു കൊണ്ടുപോകാന്‍ ഇപ്പോഴത്തെ നിസ്സഹകരണം മൂലം കഴിയുന്നില്ലെന്നും കത്തില്‍ സുധാകരന്‍ ചൂണ്ടിക്കാട്ടുന്നു.കെ സുധാകരന്റെ പ്രസ്താവനകൾ ഗൗരവതരമാണെന്നും കോൺഗ്രസ് പരിശോധിക്കുമെന്നുമാണ് വിഡി സതീശൻ മാധ്യമങ്ങളെ കഴിഞ്ഞ ദിവസം അറിയിച്ചത്.
കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്റെ വിവാദ പ്രസ്താവനകളുടെ പശ്ചാത്തലത്തില്‍ മുസ്ലീം ലീഗ് ഉന്നതാധികാരി യോഗം രാവിലെ 11 മണിക്ക് നടക്കും. ആര്‍എസ്എസിനെ പരാമര്‍ശിച്ചുകൊണ്ടുള്ള കെ സുധാകരന്റെ പ്രസ്താവനയില്‍ ലീഗ് നേതൃത്വം കടുത്ത അതൃപ്തി പ്രകടിപ്പിച്ചിരുന്നു. കെ സുധാകരനെതിരായ നിലപാട് ലീഗ് മയപ്പെടുത്തിയേക്കുമെന്ന സൂചനയുമുണ്ട്. പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ പ്രസ്താവന വിശ്വാസത്തിലെടുത്ത് പ്രശ്‌നം പരിഹരിക്കാനാണ് ലീഗ് നീക്കം നടത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *