ആലുവയിൽ കൊല്ലപ്പെട്ട കുട്ടിയുടെ കുടുംബത്തെ പറ്റിച്ച് പണം തട്ടിയെന്നു പരാതി. മഹിളാ കോൺഗ്രസ് നേതാവിന്റെ ഭർത്താവിനെതിരെയാണ് കുടുംബം പരാതിയുമായി രംഗത്ത് വന്നത്. മുനീർ എന്നയാൾ 1,200,00 രൂപ തട്ടിയെടുത്തുവെന്നാണ് പരാതിയിൽ ആരോപിക്കുന്നത്. പരാതി നൽകുമെന്ന് പറഞ്ഞപ്പോൾ ഇതിൽ 70,000 രൂപ തിരിച്ചു നൽകിയെന്നും ബാക്കി തുക നൽകിയില്ലെന്നും കുട്ടിയുടെ അച്ഛൻ പറയുന്നു. സംഭവത്തിൽ പോലീസിൽ പരാതി നൽകുമെന്നും കുട്ടിയുടെ അച്ഛൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. പണം എടുത്ത് നൽകി സഹായിച്ചിട്ടുണ്ടെന്ന് പറഞ്ഞ മുനീർ പറ്റിച്ചു എന്നത് വ്യാജ ആരോപണമാണെന്നും കുട്ടി കൊല്ലപ്പെട്ട സമയത്ത് കുടുംബത്തെ സഹായിക്കുക മാത്രമാണ് ചെയ്തതെന്നും പറയുന്നു.ആലുവയിൽ അസ്ഫാക് ആലം തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് കൊലപ്പെടുത്തിയ കുടുംബമാണ് പറ്റിക്കപ്പെട്ടത്. കുട്ടി കൊല്ലപ്പെട്ട സമയത്താണ് സംഭവം നടന്നതെന്നാണ് പരാതി. അന്ന് കുട്ടിയുടെ കുടുംബത്തെ സഹായിക്കാൻ മുന്നിൽ നിന്നത് മുനീറായിരുന്നു. തങ്ങളെ സഹായിക്കാമെന്ന് പറഞ്ഞ് കുട്ടിയുടെ പിതാവിന്റെ അക്കൗണ്ടിൽ നിന്ന് എടിഎം കാർഡ് ഉപയോഗിച്ച് പണമെടുത്തത് മുനീറായിരുന്നു. അന്ന് ഇത്തരത്തിൽ 1.2 ലക്ഷം രൂപയോളം പലപ്പോഴായി പിൻവലിച്ചിരുന്നുവെന്നും ആ തുകയിൽ വളരെ കുറച്ച് മാത്രമാണ് തങ്ങൾക്ക് തന്നതെന്നും കുട്ടിയുടെ പിതാവ് പറയുന്നു. ഈ പണത്തെ കുറിച്ച് പിതാവ് മുനീറിനോട് ചോദിച്ചിരുന്നു.എന്നാൽ മുനീർ ഇതിൽ 70000 രൂപയോളം മാത്രമാണ് തിരികെ നൽകിയത്. പണം തിരികെ കിട്ടുമെന്നായിരുന്നു പിതാവിന്റെ പ്രതീക്ഷ. എന്നാൽ കുട്ടിയുടെ പിതാവ് പറ്റിക്കപ്പെട്ടുവെന്ന് അറിഞ്ഞത് വളരെ വൈകിയാണെന്നും പറയുന്നു. കുട്ടിയുടെ കുടുംബത്തിന് സർക്കാർ നൽകിയ 10 ലക്ഷം രൂപ സ്ഥിരനിക്ഷേപമായി സൂക്ഷിച്ചിട്ടുണ്ട്. കുട്ടിയുടെ പിതാവിന്റെ പേരിലുള്ള പേഴ്സണൽ അക്കൗണ്ടിൽ നിന്നാണ് പണം തട്ടിയതെന്നാണ് പരാതി.

Leave a Reply

Your email address will not be published. Required fields are marked *