ആലുവയിൽ അസ്ഫാക്ക് ആലം പീഡിപ്പിച്ച് കൊലപ്പെടുത്തിയ അഞ്ചു വസസുകാരിയുടെ കുടുംബത്തെ കബളിപ്പിച്ച് പണം തട്ടിയെന്ന പരാതി പണം നൽകി പരിഹരിച്ച് ആരോപണവിധേയൻ. ബാക്കി നൽകാനുണ്ടായിരുന്ന 50,000 രൂപ കൂടി നൽകിയതോടെ ഇനി പരാതിയില്ലെന്ന് കുടുംബം അറിയിച്ചു.കൂടാതെ നിന്ന മാധ്യമങ്ങൾക്ക് അവർ നന്ദി അറിയിക്കുകയും ചെയ്തു.
മഹിളാ കോൺഗ്രസ് നേതാവിന്റെ ഭർത്താവിനെതിരെയാണ് കുടുംബം പരാതിയുമായി രംഗത്ത് വന്നത്. മുനീർ എന്നയാൾ 1.20ലക്ഷം രൂപ തട്ടിയെടുത്തുവെന്നായിരുന്നു പരാതി പരാതി നൽകുമെന്ന് പറഞ്ഞപ്പോൾ ഇതിൽ 70,000 രൂപ തിരിച്ചു നൽകിയെന്നും ബാക്കി തുക നൽകിയില്ലെന്നും കുട്ടിയുടെ അച്ഛൻ പറയുന്നു. എന്നാൽ താനും ഭർത്താവും അവരിൽനിന്ന് പണം കൈപ്പറ്റിയിട്ടില്ലെന്നും എന്തടിസ്ഥാനത്തിലാണ് ആരോപണം എന്നറിയില്ലെന്നും മഹിളാ കോൺഗ്രസ് ജില്ലാ സെക്രട്ടറി ഹസീന മുനീർ പറഞ്ഞിരുന്നു.
വാർത്തയ്ക്കെതിരെ ആരോപണവിധേയൻ മുനീർ രംഗത്തുവന്നിരുന്നു. മഹിളാ കോൺഗ്രസ് നേതാവിന്റെ ഭർത്താവായ ഇദ്ദേഹം വാർത്ത കളവാണെന്ന് പറയണമെന്ന് കുട്ടിയുടെ പിതാവിനോട് ആവശ്യപ്പെട്ടു. എന്നാൽ, തനിക്ക് കളവ് പറയാൻ കഴിയില്ലെന്ന് കുട്ടിയുടെ അച്ഛൻ മറുപടിനൽകി. ഇതിനു പിന്നാലെയാണ് ബാക്കി പണം കൂടി നൽകി ആരോപണവിധേയൻ തടിയൂരിയത്.