ആലപ്പുഴ: കള്ളനോട്ടുകളുമായി മുന്‍പഞ്ചായത്ത് പ്രസിഡന്റും യുവതിയും അറസ്റ്റില്‍. കൊല്ലം കിഴക്കേകല്ലട സ്വദേശി ക്ലീറ്റസ്(45), താമരക്കുളം പേരൂര്‍ക്കാരാഴ്മ അക്ഷയ് നിവാസില്‍ ലേഖ(38) എന്നിവരാണ് പിടിയിലായത്. കിഴക്കേകല്ലട മുന്‍ പഞ്ചായത്ത് പ്രസിഡന്റാണ് ക്ലീറ്റസ്. ചാരുംമൂട്ടിലെ ഒരു സൂപ്പര്‍മാര്‍ക്കറ്റില്‍ നിന്ന് സാധനങ്ങള്‍ വാങ്ങിയ ശേഷം ലേഖ നല്‍കിയ 500 രൂപ നോട്ടില്‍ ജീവനക്കാര്‍ക്ക് തോന്നിയ സംശയമാണ് ഇരുവരെയും കുടുക്കിയത്.

ജീവനക്കാര്‍ വിവരം പൊലീസില്‍ അറിയിക്കുകയായിരുന്നു. എസ്എച്ച്ഒ പി ശ്രീജിത്തിന്റെ നേതൃത്വത്തില്‍ പൊലീസുകാരെത്തി നടത്തിയ പരിശോധനയില്‍ ലേഖ നല്‍കിയത് കള്ളനോട്ടാണെന്ന് കണ്ടെത്തി. ഇവരുടെ പക്കല്‍ നിന്ന് കൂടുതല്‍ കള്ളനോട്ടുകള്‍ കണ്ടെത്തുകയും ചെയ്തു. തുടര്‍ന്ന് ഇവരുടെ വീട്ടില്‍ നടത്തിയ പരിശോധനയിലും കൂടുതല്‍ കള്ളനോട്ടുകള്‍ കണ്ടെത്തുകയായിരുന്നു. കിഴക്കേ കല്ലട പഞ്ചായത്ത് മുന്‍ പ്രസിഡന്റാണ് ക്ലീറ്റസ്.

തനിക്ക് ക്ലീറ്റസാണ് കള്ളനോട്ടുകള്‍ നല്‍കിയതെന്ന് ലേഖ പൊലീസിനോട് പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് ഇയാളെയും കസ്റ്റഡിയിലെടുത്തത്. ഇയാളില്‍ നിന്നും കള്ളനോട്ടുകള്‍ കണ്ടെത്തിയിട്ടുണ്ട്. 500 രൂപയുടെ കള്ളനോട്ടുകളാണ് പൊലീസ് പിടിച്ചെടുത്തത്. ഇയാള്‍ 10,000 രൂപയുടെ കള്ളനോട്ടുകളാണ് ലേഖയ്ക്ക് നല്‍കിയിരുന്നതെന്ന് പൊലീസ് പറഞ്ഞു. ഒരുമാസമായി ചാരുംമൂട്ടിലെ വിവിധ കടകളില്‍ ഈ നോട്ടുകള്‍ നല്‍കി സാധനങ്ങള്‍ വാങ്ങിയതായി ലേഖ മൊഴി നല്‍കിയിട്ടുണ്ട്. ഓരോ ദിവസവും ഓരോ കടയായിരുന്നു ഇവര്‍ ലക്ഷ്യമിട്ടത്. നോട്ടുകളുടെ ഉറവിടം കണ്ടെത്താന്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

Leave a Reply

Your email address will not be published. Required fields are marked *