പുരാവസ്തു തട്ടിപ്പ് കേസിലെ അറസ്റ്റിലായ പ്രതി മോന്സന് മാവുങ്കലിന്റെ പക്കലുള്ള ശബരിമല ചെമ്പോല പുരാവസ്തുവല്ലെന്ന് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ.മോന്‍സനില്‍ നിന്നും പിടിച്ചെടുത്ത പത്ത് വസ്തുക്കളാണ് പരിശോധിച്ചത്. ഇതില്‍ രണ്ട് നാണയങ്ങളും ഒരു കുന്തവും മാത്രമാണ് പുരാവസ്തു മൂല്യമുള്ള വസ്തുക്കളെന്നും കണ്ടെത്തി.
ചെമ്പോല സംബന്ധിച്ച പരിശോധന നടത്തിയത് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ ഡയറക്ടര്‍ നിയോഗിച്ച സമിതിയാണ്.നൂറ്റാണ്ടുകളുടെ പഴക്കമുള്ള ചെമ്പോലയെന്നാണ് മോന്സന് ഇതേക്കുറിച്ച് പറഞ്ഞിരുന്നത്. എന്നാല്‍ ഈ ചെമ്പോലയ്ക്ക് പുരാവസ്തു മൂല്യമില്ലെന്നാണ് റിപ്പോര്‍ട്ടില്‍ എ.എസ്.ഐ പറയുന്നത്.
മോന്‍സന്റെ വീട്ടില്‍ നിന്നും പിടികൂടിയ നിരവധി വസ്തുക്കളില്‍ പത്ത് വസ്തുക്കള്‍ വീണ്ടും പരിശോധിക്കണമെന്ന് ക്രൈം ബ്രാഞ്ച് ആര്‍ക്കിയോളജിക്കല്‍ ഇന്ത്യയോട് ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് ഡിസംബര്‍ 29 ന് ബാംഗ്ലൂര്‍, ചെന്നൈ എന്നിവിടങ്ങളില്‍ നിന്നുള്ള വിദഗ്ധരെത്തി പത്ത് വസ്തുക്കള്‍ പരിശോധിച്ചത്. ചെമ്പോല, അംശവടി. നാണയങ്ങള്‍ തുടങ്ങിയവ ഇതിലുണ്ടായിരുന്നു.
ചെമ്പോലയടക്കം മോന്‍സന്റെ മ്യൂസിയത്തിലുണ്ടായിരുന്ന പത്ത് വസ്തുക്കളാണ് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ അപ്പീല്‍ കമ്മിറ്റി പരിശോധിച്ചത്.ഈ പരിശോധനയില്‍ രണ്ട് വെള്ളിനാണയങ്ങള്‍ക്ക് മാത്രമാണ് പുരാവസ്തു മൂല്യമുള്ളത്. ഇത് യേശുവിനെ ഒറ്റിക്കൊടുക്കാന്‍ യൂദാസ് കൈപ്പറ്റിയ നാണയം എന്ന രീതിയിലാണ് മോന്സന് അവതരിപ്പിച്ചിരുന്നത്.
