കൊല്ലം: പോപ്പുലർ ഫ്രണ്ട് നിരോധനവുമായി ബന്ധപ്പെട്ട് കൊല്ലം ചവറയിൽ എൻഐഎ റെയ്ഡ് നടത്തി. ചവറ മുക്കുത്തോട് സ്വദേശി മുഹമ്മദ് സാദിഖിനെ എൻഐഎ സംഘം കസ്റ്റഡിയിൽ എടുത്തു. യാത്രകളുമായി ബന്ധപ്പെട്ട രേഖകൾ വീട്ടിൽ നിന്നും പിടിച്ചെടുത്തു.

ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു മുക്കുത്തോട് സ്കൂളിന് സമീപം താമസിക്കുന്ന മുഹമ്മദ് സാദിഖിന്റെ വീട്ടിൽ ദേശീയ അന്വേഷണ ഏജൻസി റെയ്ഡ് നടത്തിയത്. സാദിഖിന്റെ വീട്ടിൽ നിന്നും പോപ്പുലർ ഫ്രണ്ടിന്റെ പരിപാടിയിൽ പങ്കെടുത്തതിന്റെ വിവരങ്ങൾ ശേഖരിച്ചു. വിവിധ യാത്രകളുമായി ബന്ധപ്പെട്ട രേഖകളും ഇയാളുടെ വീട്ടിൽ നിന്ന് പിടിച്ചെടുത്തു.

പോപ്പുലർ ഫ്രണ്ട് ബന്ധത്തിൽ വ്യക്തമായ സൂചന ലഭിച്ചതോടെ സാദിഖിനെ സംഘം കസ്റ്റഡിയിൽ എടുത്തു. കൊച്ചി എൻഐഎ യൂണിറ്റാണ് പരിശോധന നടത്തിയത്. ചവറ പൊലീസിന്റെ സഹായത്തോടെയായിരുന്നു പരിശോധന. മുൻകൂട്ടി വിവരം നൽകാതെ റെയ്ഡിന് തൊട്ടുമുന്നേയാണ് എൻഐഎ പൊലീസിന്റെ സഹായം തേടിയത്.

റെയ്ഡിന്റെ വിശദാംശങ്ങൾ പൊലീസിനോട് പങ്കുവയ്ക്കാൻ എൻഐഎ സംഘം തയാറായില്ല. റെയ്ഡ് നാലര മണിക്കൂർ നീണ്ടു നിന്നു. ചവറ ഒട്ടോ റിക്ഷാ സ്റ്റാൻഡിൽ ഡ്രൈവറായിരുന്ന സാദിഖ് ഇപ്പോൾ പഴക്കച്ചവട രംഗത്താണ്. കഴിഞ്ഞ മാസം 29നും കൊല്ലത്ത് എൻഐഎ സംഘം പരിശോധന നടത്തിയിരുന്നു. കരുനാഗപ്പള്ളി, ചക്കുവള്ളി, ഓച്ചിറ എന്നിവിടങ്ങളിലായിരുന്നു അന്ന് റെയ്ഡ് നടത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *