രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിലേക്ക് എൻ സി പി അധ്യക്ഷൻ ശരദ് പവാറിന് ക്ഷണം. രാമജന്മഭൂമി ക്ഷേത്ര തീര്‍ത്ഥ ട്രസ്റ്റ് മുതിർന്ന രാഷ്ട്രീയ നേതാവിനെ പ്രതിഷ്ഠാ ചടങ്ങിലേക്ക് ക്ഷണിച്ചുവെങ്കിലും പവാർ ക്ഷണം നിരസിച്ചു.

അയോധ്യയിൽ ജനുവരി 22ന് നടക്കുന്ന പ്രതിഷ്ഠാ ചടങ്ങിൽ വൻ ഭക്തജനപ്രവാഹം ഉണ്ടാകും. അന്നേദിവസം ദർശനം എളുപ്പമാകില്ല. ചടങ്ങ് പൂര്‍ത്തിയായ ശേഷം സമയം കണ്ടെത്തി ക്ഷേത്ര ദര്‍ശനത്തിന് വരും. അപ്പോഴേക്കും രാമക്ഷേത്രത്തിന്റെ നിര്‍മ്മാണവും പൂര്‍ത്തിയാകുമെന്ന് രാമജന്മഭൂമി ക്ഷേത്ര തീര്‍ത്ഥ ട്രസ്റ്റ് ജനറല്‍ സെക്രട്ടറി ചമ്പത് റായിക്ക് അയച്ച കത്തില്‍ ശരദ് പവാര്‍ വ്യക്തമാക്കി.

കോണ്‍ഗ്രസ് പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ, യുപിഎ ചെയര്‍പേഴ്സണ്‍ സോണിയ ഗാന്ധി, സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ്, തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ തുടങ്ങിയവരെ പ്രതിഷ്ഠാ ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ട്. എന്നാല്‍ സോണിയയും ഖാര്‍ഗെയും അഖിലേഷും ക്ഷണം നിരസിച്ചു. അതേസമയം അയോധ്യയിൽ പ്രതിഷ്ഠാ ചടങ്ങിന് മുന്നോടിയായുള്ള പൂജാകർമ്മങ്ങൾ കഴിഞ്ഞ ദിവസം ആരംഭിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *