അട്ടപ്പാടി കോട്ടത്തറ ആദിവാസി സ്പെഷ്യാലിറ്റി ആശുപത്രിയിൽ വൻ സാമ്പത്തിക ക്രമക്കേടെന്ന് ഓഡിറ്റ് റിപ്പോർട്ട്. ആശുപത്രിയിൽ മുൻ സൂപ്രണ്ട് ഡോ.ആർ പ്രഭുദാസിന്‍റെ കാലത്ത് നടപ്പാക്കിയ വിവിധ പദ്ധതികളിൽ രണ്ട് കോടി 99 ലക്ഷം രൂപ ക്രമക്കേട് നടത്തിയെന്നാണ് ആരോ​ഗ്യ വകുപ്പിന്റെ പ്രത്യേക ഓഡിറ്റ് റിപ്പോർട്ടിൽ പറയുന്നത്. നഷ്ടം മെഡിക്കൽ ഓഫീസറിൽ നിന്ന് ഈടാക്കാനാണ് റിപ്പോർട്ടിലെ നിർദേശം. ​ഗർഭിണികൾക്ക് ജ്യൂസ് അടിച്ചു കൊടുക്കുന്നതിന് പഴവർ​ഗങ്ങൾ വാങ്ങിയെന്ന് രേഖയുണ്ടാക്കി മാത്രം അരലക്ഷത്തോളം രൂപയാണ് തട്ടിയത്. ഇത്തരത്തില്‍ വലിയ രീതിയിലുള്ള സാമ്പത്തിക തട്ടിപ്പാണ് ആശുപത്രിയില്‍ നടന്നത്.ഇല്ലാത്ത കൂട്ടിരിപ്പുകാരുടെ പേരിൽ 7,84000 രൂപയാണ് എഴുതി നല്‍കിയത്. നാലു ലക്ഷത്തി നാലായിരത്തി നാന്നൂറ്റി തൊണ്ണൂറ് രൂപയാണ് എക്സ്റേ എടുത്തു നൽകിയെന്ന വ്യാജേന ക്രമവിരുദ്ധമായി വകമാറ്റിയത്. 3.80 ലക്ഷത്തിന്‍റെ കണക്കിലുണ്ടെങ്കിലും ഈ തുക വകമാറ്റാനായി വ്യാജ ലാബ് പരിശോധന റിപ്പോർട്ടാണ് സമര്‍പ്പിച്ചത്. ഇല്ലാത്ത രോ​ഗികൾക്ക് വസ്ത്രം വാങ്ങി നൽകിയ വകയിൽ അര ലക്ഷം ചെലവഴിച്ചെന്നും റിപ്പോർട്ടിൽ പറയുന്നു. പുറത്തുനിന്ന് ഡോക്ടറെ നിയമിച്ചതിൽ ക്രമവിരുദ്ധമായി ഒരു ലക്ഷത്തി പതിനൊന്നായിരം രൂപയാണ് നൽകിയത്.മുൻകൂർ അനുമതിയില്ലാതെ ആശുപത്രി കെട്ടിടം സ്വകാര്യ കമ്പനിക്ക് എടിഎം സ്ഥാപിക്കാനും വിട്ടു നൽകി. മാലിന്യ സംസ്കരണ പദ്ധതികളുടെ പേരിലും വൻ തുക ചെലവിട്ടെന്നും റിപ്പോർട്ടില്‍ കണ്ടെത്തിയിട്ടുണ്ട്. വിഷയത്തിൽ പ്രഭുദാസിൽ നിന്നും വിശദീകരണം തേടിയെങ്കിലും ലഭിച്ചില്ലെങ്കിലും റിപ്പോർട്ടിൽ കുറ്റപ്പെടുത്തുന്നു. അതേ സമയം ഫണ്ട് ചെലവഴിച്ചത് ആദിവാസികൾക്ക് വേണ്ടിയാണെന്നും വ്യക്തിപരമായി ഒന്നും ചെയ്തില്ലെന്നുമാണ് ഡോ.പ്രഭുദാസിന്‍റെ വിശദീകരണം.

Leave a Reply

Your email address will not be published. Required fields are marked *