മുംബൈ: വീട്ടില്‍ അതിക്രമിച്ചു കയറി ബോളിവുഡ് നടന്‍ സെയ്ഫ് അലി ഖാനെ കുത്തി പരിക്കേല്‍പിച്ച അക്രമി പൊലീസ് പിടിയില്‍. പ്രതിയെ ബാന്ദ്ര പൊലീസ് സ്റ്റേഷനില്‍ എത്തിച്ചു.

വ്യാഴാഴ്ച വൈകീട്ടോടെ ദാദര്‍ പൊലീസാണ് അക്രമിയെ കസ്റ്റഡിയിലെടുത്തത്. പ്രതിയെ ചോദ്യം ചെയ്തുവരികയാണ്. അറസ്റ്റുമായി ബന്ധപ്പെട്ട് പൊലീസ് ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. വ്യാഴാഴ്ച പുലര്‍ച്ചെ 2.30ന് ബാന്ദ്രയിലെ ‘സദ്ഗുരു ശരണ്‍’ കെട്ടിടത്തിലെ അപ്പാര്‍ട്‌മെന്റിലാണ് സംഭവം. ആറോളം കുത്തുകളേറ്റ നടനെ ലീലാവതി ആശുപത്രിയില്‍ അടിയന്തര ശസ്ത്രക്രിയക്ക് വിധേയമാക്കി. നട്ടെല്ലിന് സമീപത്ത് ആഴത്തില്‍ പതിച്ച ഹാക്‌സോ ബ്ലേഡിന്റെ ഭാഗം ശസ്ത്രക്രിയയിലൂടെ നീക്കംചെയ്തു. നടന്‍ അപകടനില തരണം ചെയ്തിട്ടുണ്ട്. മോഷണശ്രമമാണെന്നും നടന്റെ വീട്ടിലെ ജീവനക്കാരിയുമായി പ്രതിക്ക് ബന്ധമുണ്ടെന്നും പൊലീസ് സംശയിക്കുന്നുണ്ട്. അതുകൊണ്ടു തന്നെ എല്ലാ വശങ്ങളും പൊലീസ് അന്വേഷിക്കുന്നുണ്ട്.

20 അംഗ സംഘത്തെയാണ് അന്വേഷണത്തിനായി നിയോഗിച്ചത്. സി.സി.ടി.വി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം. നേരത്തെ പ്രതിയുടേതെന്ന് സംശയിക്കുന്ന, കെട്ടിടത്തിന്റെ ആറാം നിലയില്‍നിന്നുള്ള സി.സി.ടി.വി ദൃശ്യം പൊലീസ് പുറത്തുവിട്ടിരുന്നു. പ്രതി കെട്ടിടത്തില്‍ കടന്നതും രക്ഷപ്പെട്ടതും അടിയന്തരഘട്ടങ്ങളില്‍ ഉപയോഗിക്കുന്ന സ്റ്റെയര്‍കെയ്‌സ് വഴിയാണ്. ഒരു ജീവനക്കാരിക്ക് കൈക്ക് കുത്തേറ്റിട്ടുണ്ട്. നടിയും ഭാര്യയുമായ കരീന കപൂര്‍, മക്കളായ തയ്മൂര്‍, ജേഹ് എന്നിവരും രണ്ട് വനിത ജീവനക്കാരുമാണ് സംഭവ സമയത്ത് വീട്ടിലുണ്ടായിരുന്നത്. ഇവരെ അക്രമിയില്‍നിന്നും രക്ഷിക്കാനുള്ള ശ്രമത്തിനിടെയാണ് സെയ്ഫ് അലിഖാന് കുത്തേറ്റതെന്ന് പൊലീസ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *