തോട്ടടയിൽ വിവാഹാഘോഷത്തിനിടെ നടന്ന ബോംബേറിൽ യുവാവ് കൊല്ലപ്പെട്ട സംഭവത്തിൽ ഒരാൾ കൂടി കസ്റ്റഡിയിൽ . കടമ്പൂർ സ്വദേശി അരുണിനെയാണ് കസ്റ്റഡിയിലെടുത്തത്. ഇയാളുടെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തും. ബോംബെറിഞ്ഞ സംഘത്തിന്റെ പക്കൽ വാളുമുണ്ടായിരുന്നതായി നേരത്തെ പൊലീസ് കണ്ടെത്തിയിരുന്നു . വാൾ നൽകിയത് അരുണാണെന്നാണ് പൊലീസ് പറയുന്നത്.
സ്ഫോടക വസ്തുക്കൾ വാങ്ങിയത് കണ്ണൂരിൽ തന്നെയുള്ള ഒരു പടകക്കടയിൽ നിന്നാണെന്നും കണ്ടെത്തിയിട്ടുണ്ട്. കടയുടമസ്ഥനായി തിരച്ചിൽ തുടരുകയാണ്.
ഫെബ്രുവരി 13നാണ് തോട്ടടയിലെ വിവാഹ ആഘോഷത്തില്‍ രാത്രി നടന്ന സംഗീതപരിപാടിക്കിടെ വരന്റെ സുഹൃത്തുക്കളായ ഏച്ചൂര്‍ സ്വദേശികളും പ്രദേശവാസികളും തമ്മില്‍ വാക്കേറ്റവും സംഘര്‍ഷവുമുണ്ടായത്. ഇതിന് പ്രതികാരമായി പ്രത്യേക യൂണിഫോമിട്ട് വന്ന സംഘം വിവാഹസംഘത്തിന് നേരെ ബോംബെറിയുകയായിരുന്നു.സംഭവത്തിൽ ജിഷ്ണു കൊല്ലപ്പെടുകയായിരുന്നു.
ആക്രമണത്തിന് പിന്നില്‍ 18 പേരുണ്ടെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. സ്ഫോടക വസ്തു കൈകാര്യം ചെയ്യല്‍, അന്യായമായ സംഘം ചേരല്‍ തുടങ്ങിയ വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.അതേസമയം ബോംബേറില്‍ പരിക്കേറ്റ 3 പേര്‍ ആശുപത്രിയില്‍ തുടരുകയാണ്.
കേസിൽ നേരത്തെ തന്നെ അക്ഷയ് എന്ന യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. പിന്നീട് പ്രധാന പ്രതിയായ മിഥുന്‍ പൊലീസില്‍ കീഴടങ്ങുകയായിരുന്നു. ഇന്നലെ ഏച്ചൂര്‍ സ്വദേശി ഗോകുലിനെ സംഭവത്തിൽ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം മൂന്നായി. എതിരാളികളെ കൊലപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ തന്നെയാണ് പ്രതികള്‍ ബോംബ് എറിഞ്ഞതെന്നും അക്ഷയ് എറിഞ്ഞ ബോംബ് ലക്ഷ്യം തെറ്റി പതിച്ചാണ് ജിഷ്ണു കൊല്ലപ്പെട്ടതെന്നും പൊലീസ് കോടതിയില്‍ സമര്‍പ്പിച്ച റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു.