കൊല്ലം: കെഎസ്ആര്‍ടിസി എംഡിയുടെ കോലം കത്തിച്ച് സിഐടിയു പ്രവര്‍ത്തകരുടെ പ്രതിഷേധം. ശമ്പളം ഗഡുക്കളായി നല്‍കാനുള്ള നടപടി റദ്ദാക്കണമെന്നും ഗതാഗതമന്ത്രിയും സിഎംഡിയും നിലപാട് തിരുത്തണമെന്നും അവര്‍ ആവശ്യപ്പെട്ടു. കെഎസ്ആര്‍ടിസിയുടെ കണക്കുകള്‍ ധനമന്ത്രി പരിശോധിക്കണമെന്നും ആവശ്യമുണ്ട്. അതേസമയം ശമ്പളം ഗഡുക്കളായി നല്‍കാനുള്ള തീരുമാനം മാനേജ്‌മെന്റിന്റേതാണെന്നും സര്‍ക്കാരിന്റെ നയപരമായ തീരുമാനമല്ലെന്നും മന്ത്രി ആന്റണി രാജു പ്രതികരിച്ചു. ഇത് തല്‍ക്കാലത്തേക്കുള്ള അഡ്ജസ്റ്റ്‌മെന്റാണ്. ഇത്തരം തീരുമാനമെടുക്കാനുള്ള സ്വാതന്ത്ര്യം മാനേജ്‌മെന്റിനുണ്ട്. ടാര്‍ജറ്റ് അനുസരിച്ച് ശമ്പളം നല്‍കാനുള്ള തീരുമാനവും നയപരമായിരുന്നില്ല. അതും മാനേജ്‌മെന്റിന്റെ തീരുമാനമാണ്. ഇങ്ങനെ തീരുമാനമെടുക്കുമ്പോള്‍ മന്ത്രിയെ അറിയിക്കേണ്ടതില്ലെന്നും ആന്റണി രാജു പറഞ്ഞു.
മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ യോഗം ചേര്‍ന്നതിന് ശേഷം ഒരു മാസത്തെയും ശമ്പളം മുടങ്ങിയിട്ടില്ലെന്നും സര്‍ക്കാര്‍ കൈ അയച്ച് സഹായിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. ‘ജീവനക്കാരുടെ പകുതി ശമ്പളം അഞ്ചാം തീയതിക്ക് മുമ്പ് നല്‍കിയാല്‍ പകുതി പ്രശ്‌നം പരിഹരിക്കാം. ആവശ്യമുള്ളവര്‍ക്ക് പകുതി പണം നല്‍കും. അല്ലാത്തവര്‍ എഴുതിനല്‍കിയാല്‍ സര്‍ക്കാര്‍ പണം കൂടി ലഭിച്ചാല്‍ ഒരുമിച്ച് നല്‍കും. ഇതില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ല’, മന്ത്രി അറിയിച്ചു.
