മലപ്പുറം: മലപ്പുറത്തെ വളാഞ്ചേരിയിലെ വട്ടപ്പാറയിൽ ചരക്കുലോറി മറിഞ്ഞു മൂന്നു പേർ മരിച്ചു. വട്ടപ്പാറ വളവിൽ ഇന്നു രാവിലെ ഏഴു മണിയോടെയാണ് സംഭവം. കോഴിക്കോടു നിന്ന് എറണാകുളത്തേക്ക് സവാള കയറ്റിപ്പോയ ലോറി നിയന്ത്രണം വിട്ടു കൊക്കയിലേക്ക് മറിയുകയായിരുന്നു. ലോറിയുടെ ക്യാബിനിൽ ഉണ്ടായിരുന്ന മൂന്നുപേരുമാണ് മരിച്ചത്.

ശബ്ദം കേട്ട് ഓടിയെത്തിയ പ്രദേശവാസികളാണ് വിവരം വളാഞ്ചേരി പോലീസിനെയും ഫയർ ഫോഴ്സിനെയും അറിയിച്ചത്. ഉടൻ തന്നെ ഫയർ ഫോഴ്സ് ഉദ്യോഗസ്ഥർ സംഭവസ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചെങ്കിലും ലോറിയിൽ കുടുങ്ങിയവരെ പുറത്തെടുക്കാൻ സാധിച്ചില്ല. ഒരു മണിക്കൂറോളം നേരത്തെ പരിശ്രമത്തിനൊടുവിലാണ് ക്യാബിൻ വെട്ടിപ്പൊളിച്ചു ഇവരെ പുറത്തെടുക്കാനായത്. മൂന്നു പേരെയും നടക്കാവ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മരിച്ചവരെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *