എറണാകുളത്ത് മേജർ രവി ബിജെപി സ്ഥാനാർത്ഥിയായേക്കും. മേജർ രവിയുമായി ചർച്ചകൾ നടത്തി ബിജെപി നേതൃത്വം. കൊല്ലത്ത് കുമ്മനം രാജശേഖരനും ബിജെപി ജില്ലാ അധ്യക്ഷൻ ബി ബി ഗോപകുമാറും പരിഗണനയിൽ. ആലത്തൂരിൽ പാലക്കാട് വിക്ടോറിയ കോളജ് മുൻ പ്രിൻസിപ്പൽ സരസ്വതി ടീച്ചറെയും പരിഗണിക്കുന്നു. ഇന്ന് ബിജെപിയുടെ മൂന്നാം ഘട്ട സ്ഥാനാർത്ഥി പട്ടിക വരുമെന്നാണ് പ്രതീക്ഷ.വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള സ്ഥാനാര്‍ത്ഥികളുടെ രണ്ടാമത്തെ പട്ടിക കഴിഞ്ഞ ദിവസം ബിജെപി പുറത്തുവിട്ടു. നിതിൻ ഗ‍ഡ്‌കരി അടക്കം പ്രമുഖരെ ഉൾപ്പെടുത്തി വിവിധ സംസ്ഥാനങ്ങളിലെ 72 സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ത്ഥികളെയാണ് പ്രഖ്യാപിച്ചത്. എന്നാൽ കേരളത്തിലെ സ്ഥാനാര്‍ത്ഥികൾക്കായി കാത്തിരിപ്പ് തുടരും. കേരളത്തിൽ ഒഴിവുള്ള സീറ്റുകളിൽ സ്ഥാനാര്‍ത്ഥികളെ പിന്നീട് പ്രഖ്യാപിക്കും.ദാദര്‍ നഗര്‍ ഹവേലി, ദില്ലി, ഗുജറാത്ത്, ഹരിയാന, ഹിമാചൽ പ്രദേശ്, കര്‍ണാടക, മധ്യപ്രദേശ്, മഹാരാഷ്ട്ര, തെലങ്കാന, ത്രിപുര, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിലെ 72 സീറ്റുകളിലാണ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചത്. പട്ടികയിൽ കര്‍ണാടകയിലെ പ്രതാപ് സിൻഹയ്ക്ക് സീറ്റ് നിഷേധിച്ചു. കര്‍ണാൽ മണ്ഡലത്തിൽ മനോഹര്‍ലാൽ ഖട്ടര്‍ മത്സരിക്കും. കേന്ദ്ര ധനകാര്യ സഹമന്ത്രി അനുരാഗ് താക്കൂർ ഹാമിർപൂരിൽ മത്സരിക്കും. ജെഡിഎസ് നേതാവ് മുൻ പ്രധാനമന്ത്രി എച്ച്ഡി ദേവഗൗഡയുടെ മരുമകൻ സിഎൻ മഞ്ജുനാഥ് ബാംഗ്ലൂര്‍ റൂറലിൽ ബിജെപി ടിക്കറ്റിൽ മത്സരിക്കും.ശോഭ കരന്തലജെ ബാംഗ്ലൂര്‍ നോര്‍ത്തിൽ മത്സരിക്കും. പിയൂഷ് ഗോയൽ മംബൈ നോര്‍ത്തിനും കര്‍ണാടക മുൻ മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പയുടെ മകൻ രാഘവേന്ദ്ര ഷിമോഗയിലും തേജസ്വി സൂര്യ ബാംഗ്ലൂര്‍ സൗത്തിലും മത്സരിക്കുമെന്ന് പട്ടികയിൽ പറയുന്നു. മൈസൂരു രാജ കുടുംബാംഗം യദുവീര്‍ കൃഷ്‌ണ ദത്ത ചാമരാജ മൈസൂര്‍ മണ്ഡലത്തിൽ ബിജെപി സ്ഥാനാര്‍ത്ഥിയായി ജനവിധി തേടും. തെലങ്കാനയിൽ ഇന്നലെ ബിജെപി അംഗത്വമെടുത്ത ബിആര്‍എസ് നേതാവ് ഗോദം നാഗേഷ് ആദിലാബാദിൽ മത്സരിക്കുമെന്നും പട്ടികയിൽ വ്യക്തമാക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *