സ്ത്രീത്വത്തെ അപമാനിച്ചുവെന്ന് ചൂണ്ടിക്കാട്ടി മന്ത്രി ജി സുധാകരനെതിരെ മുൻ പേഴ്‌സണൽ സ്റ്റാഫംഗത്തിന്റെ ഭാര്യ നൽകിയ പരാതി പിൻവലിച്ചെന്ന് പൊലീസ്. പരാതിക്കാരി നേരിട്ടെത്തി പരാതി പിൻവലിക്കുന്നതായി അറിയിച്ചതായാണ് പൊലീസ് നൽകിയ വിശദീകരണം. എന്നാൽ പരാതി പിന്‍വലിച്ചുവെന്ന പൊലീസ് വാദം തെറ്റാണെന്നും തനിക്ക് മേല്‍ എന്ത് സമ്മര്‍ദമുണ്ടായാലും പരാതിയില്‍ നിന്നും പിന്‍മാറില്ലെന്നും യുവതി പറഞ്ഞു.

മന്ത്രിക്കെതിരായ പരാതി താന്‍ പിന്‍വലിച്ചിട്ടില്ല. പരാതി പിന്‍വലിക്കാന്‍ താന്‍ അപേക്ഷിച്ചിട്ടില്ല. തന്റെ വ്യാജ ഒപ്പിട്ടാണ് പരാതി പിന്‍വലിക്കാന്‍ നീക്കം നടന്നത്. എസ്‌ഐയെ സ്വാധീനിച്ചാകാം ഈ നീക്കമെന്നും പരാതിക്കാരിയായ യുവതി പറഞ്ഞു. പല ഭാഗത്തു നിന്നും സമ്മര്‍ദ്ദം ഉണ്ടായെങ്കിലും പരാതി പിന്‍വലിക്കാന്‍ ഒരുക്കമല്ല. പിന്‍വലിച്ചു എന്ന് പൊലീസ് പറയുന്നത് ശരിയല്ല. പൊലീസ് നടപടി ഉണ്ടായില്ലെങ്കില്‍ ഉന്നത ഉദ്യോഗസ്ഥരെ സമീപിക്കുമെന്നും പരാതിക്കാരി പറഞ്ഞു. മന്ത്രി സുധാകരന്റെ മുന്‍ പേഴ്‌സണല്‍ സ്റ്റാഫ് അംഗത്തിന്റെ ഭാര്യയും, എസ്എഫ്‌ഐ ആലപ്പുഴ മുന്‍ ജില്ലാ കമ്മിറ്റി അംഗവുമാണ് പരാതിക്കാരി.

കഴിഞ്ഞ ദിവസം ആലപ്പുഴയിലെ വാര്‍ത്താസമ്മേളനത്തില്‍ മന്ത്രി സ്ത്രീത്വത്തെ അപമാനിക്കുന്നവിധം പ്രസ്താവന നടത്തിയെന്നാണ് പരാതിയിലുള്ളത്. കഴിഞ്ഞ ജനുവരി എട്ടിന് പരാതിക്കാരിയെ വിവാഹം ചെയ്തതിന് പിന്നാലെ മന്ത്രി പേഴ്‌സണല്‍ സ്റ്റാഫിനെ ഒഴിവാക്കിയെന്ന് പരാതി ഉയര്‍ന്നിരുന്നു. സുധാകരനെതിരെ അമ്പലപ്പുഴ പൊലീസ് സ്റ്റേഷനിലാണ് സ്ത്രീ പരാതി നൽകിയത്. പരാതി പിൻവലിച്ചതായുള്ള വാർത്തകൾ പുറത്തുവന്നതോടെയാണ് പൊലീസ് വിശദീകരണവുമായി രംഗത്തെത്തിയത്. സുധാകരനെതിരായ പരാതി പിൻവലിച്ചുവെന്ന് പൊലീസ് പറഞ്ഞു. ഇതിന് പിന്നാലെയാണ് സ്ത്രീയുടെ മറുപടിയെത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *