ന്യൂഡല്‍ഹി: ആദ്യഘട്ട ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം ഇന്ന് അവസാനിക്കും. തമിഴ്‌നാട് അടക്കം 21 സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും 102 ലോക്‌സഭാ മണ്ഡലങ്ങളില്‍ വെള്ളിയാഴ്ചയാണ് തെരഞ്ഞെടുപ്പ്. 1625 സ്ഥാനാര്‍ത്ഥികളാണ് ജനവിധി തേടുന്നത്. തമിഴ്‌നാട്ടില്‍ വൈകീട്ട് ആറ് മണി വരെയാണ് പരസ്യ പ്രചാരണത്തിനുള്ള സമയം. 39 സീറ്റുകളില്‍ ആകെ 950 സ്ഥാനര്‍ഥികളാണ് മത്സരിക്കുന്നത്. മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍ ചെന്നൈയിലും പ്രതിപക്ഷ നേതാവ് എടപ്പാടി പളനിസാമി കൊങ്കുനാട്ടിലും പ്രചാരണം നടത്തും. പുതുച്ചേരി സീറ്റിലും ഇന്ന് പ്രചാരണം അവസാനിക്കും. പ്രധാനമന്ത്രി ഇന്ന് വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ പ്രചാരണത്തിന് എത്തും.
അതേസമയം തിഹാര്‍ ജയിലില്‍ കഴിയുന്ന അരവിന്ദ് കേജ്രിവാള്‍,മനീഷ് സിസോദിയ, സുരേന്ദ്ര ജയിന്‍ എന്നിവരെ ഉള്‍പ്പെടുത്തി 40 താരപ്രചാരകരുടെ പട്ടിക ആം ആദ്മി പുറത്തിറക്കി . രണ്ടാമത്തെ പേരായി മുഖ്യമന്ത്രിയുടെ ഭാര്യ സുനിത കേജ്രിവാളിനെയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. അരുണാചല്‍പ്രദേശ്, സിക്കിം എന്നീ സംസ്ഥാനങ്ങളിലെ നിയമ സഭകളിലേക്കും 19 തിയതിയാണ് വോട്ടെടുപ്പ് നടക്കുക. ജാര്‍ഖണ്ഡിലെ 3 ലോക്സഭാ സ്ഥാനാര്‍ഥികളെ കൂടി ഇന്നലെ കോണ്‍ഗ്രസ് പ്രഖ്യാപിച്ചു.ഇതുവരെ കോണ്‍ഗ്രസ് പ്രഖ്യാപിച്ച സ്ഥാനാര്‍ഥികളുടെ എണ്ണം ഇതോടെ 281 ആയി.