ഹൈദരാബാദ്: തെലങ്കാനയിലെ ലക്‌സേറ്റിപ്പെട്ടില്‍ മദര്‍ തെരേസാ ഇംഗ്ലീഷ് മീഡിയം സ്‌കൂളിന് നേരേ ഹിന്ദുത്വ സംഘടനകളുടെ ആക്രമണം. സ്‌കൂള്‍ യൂനിഫോമിന് പകരം ഏതാനും വിദ്യാര്‍ഥികള്‍ മതപരമായ വസ്ത്രങ്ങള്‍ ധരിച്ചുവന്നത് അധ്യാപകര്‍ ചോദ്യം ചെയ്തതാണ് ആക്രമണത്തിന് കാരണം.

അക്രമികള്‍ സ്‌കൂളിലേക്ക് അതിക്രമിച്ചുകയറി ഉപകരണങ്ങള്‍ തല്ലിത്തകര്‍ത്തു. കെട്ടിടത്തിന് മുകളില്‍ കാവിക്കൊടി കെട്ടിയ അക്രമികള്‍, മദര്‍ തെരേസയുടെ രൂപം അടിച്ചു തകര്‍ക്കുകയും മലയാളി വൈദികനെ മര്‍ദിക്കുകയും ചെയ്തു. ജയ് ശ്രീറാം വിളിച്ചെത്തിയ നൂറോളം പേരാണ് സ്‌കൂളിന് നേരേ അക്രമം നടത്തിയത്. കഴിഞ്ഞദിവസം രാവിലെ എട്ടരയോടെയായിരുന്നു സംഭവം.

മറ്റു കുട്ടികളെല്ലാം യൂനിഫോം ധരിച്ച് എത്തിയപ്പോള്‍ പത്തോളം പേര്‍ മതപരമായ വസ്ത്രം ധരിച്ചാണ് സ്‌കൂളില്‍ എത്തിയത്. ഈ കുട്ടികളുടെ മാതാപിതാക്കളോട് സംസാരിക്കണമെന്നും അധികൃതര്‍ ആവശ്യപ്പെട്ടിരുന്നു. തൊട്ടടുത്ത ദിവസമാണ് ഹിന്ദുത്വ വാദികള്‍ സംഘം ചേര്‍ന്ന് സ്‌കൂളിലെത്തി അക്രമം നടത്തിയത്. രാവിലെ ക്ലാസ് തുടങ്ങുന്ന സമയം ജയ് ശ്രീറാം വിളിച്ച് സ്‌കൂളിലേക്ക് അതിക്രമിച്ചു കയറി.

Leave a Reply

Your email address will not be published. Required fields are marked *