തിരുവനന്തപുരം: വിഴിഞ്ഞത്ത് ബാറിന് മുന്നിൽ യുവാവിനെ മർദിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്. ക്രൂരമായ മർദനത്തെത്തുടർന്ന് വാരിയെല്ല് ഒടിഞ്ഞ് ശ്വാസകോശത്തിൽ തുളച്ചുകയറിയതാണ് സുമന്റെ മരണത്തിന് കാരണമായതെന്നാണ് റിപ്പോർട്ട്. നെഞ്ചിലേറ്റ കടുത്ത ചവിട്ടിലാണ് വാരിയെല്ലുകൾ തകർന്നത്.
പ്രതികളായ അച്ചു, അനന്തു എന്നിവർ സുമനെ കൊലപ്പെടുത്തണമെന്ന ഉദ്ദേശത്തോടെയാണ് ആക്രമിച്ചതെന്ന് എഫ്.ഐ.ആറിൽ പറയുന്നു. ബാറിനുള്ളിൽ തുടങ്ങിയ തർക്കം റോഡിലേക്ക് നീളുകയും, അവിടെയിട്ട് നെഞ്ചിലും മുഖത്തും ക്രൂരമായി മർദിക്കുകയും ചവിട്ടുകയും ചെയ്യുകയായിരുന്നു. പ്രതികൾക്ക് മുൻകാല ക്രിമിനൽ പശ്ചാത്തലമില്ലെന്നും പെട്ടെന്നുണ്ടായ പ്രകോപനമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നുമാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടോ എന്ന് പോലീസ് അന്വേഷിച്ചുവരികയാണ്. പ്രതികളെ തിങ്കളാഴ്ച കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പ് നടത്തും.
