രണ്ടാം പിണറായി മന്ത്രിസഭയിൽ 21 അംഗങ്ങളുണ്ടാവും മന്ത്രിമാരുടെ വകുപ്പുകള്‍ സംബന്ധിച്ച് തീരുമാനിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയനെ ചുമതലപ്പെടുത്തിയെന്നും വിജയരാഘവന്‍ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. സിപിഎം-12, സിപിഐ-4, ജനതാദള്‍ എസ്-1, കേരള കോണ്‍ഗ്രസ് എം- 1, എന്‍സിപി 1 വീതം മന്ത്രിസ്ഥാനം നല്‍കാന്‍ ധാരണയായി. ബാക്കിയുള്ള രണ്ട് സ്ഥാനങ്ങളില്‍ മുന്നണിയിലെ ഘടകകക്ഷികള്‍ രണ്ടര വര്‍ഷം വീതം ടേം അടിസ്ഥാനത്തില്‍ ഭരിക്കും. ജനാധിപത്യ കേരള കോണ്‍ഗ്രസ്, ഐഎന്‍എല്‍ എന്നിവര്‍ ആദ്യ ടേമിലും കേരള കോണ്‍ഗ്രസ് ബി, കോണ്‍ഗ്രസ് എസ് പ്രതിനിധികള്‍ രണ്ടാമത്തെ ടേമിലും ഭരിക്കും. സ്പീക്കര്‍ സ്ഥാനം സിപിഎമ്മിനും ഡെപ്യൂട്ടി സ്പീക്കര്‍ സിപിഐക്കും ചീഫ് വിപ്പ് സ്ഥാനം കേരള കോണ്‍ഗ്രസിനും നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി.

നിയമസഭാ തിരഞ്ഞെടുപ്പ് ഫലത്തിനു ശേഷം ആദ്യമായി ചേരുന്ന എല്‍ഡിഎഫ് യോഗമായിരുന്നു ഇത് . വിജയത്തിനു സഹായിച്ച കേരളത്തിലെ ജനങ്ങള്‍ക്ക് എല്‍ഡിഎഫ് യോഗം നന്ദി പ്രകടിപ്പിച്ചു. എല്ലാ വിഭാഗത്തിനും പങ്കാളിത്തം നല്‍കിക്കൊണ്ടുള്ള സര്‍ക്കാര്‍ രൂപീകരിക്കാനാണ് മുന്നണി ശ്രമം. മെയ് 18ന് വൈകുന്നേരം എല്‍ഡിഎഫ് പാര്‍ലമെന്ററി പാര്‍ട്ടി നേതാവിനെ തിരഞ്ഞെടുക്കും. തുടര്‍ന്ന് ഗവര്‍ണറെ കണ്ട് സത്യപ്രതിജ്ഞയ്ക്കുള്ള നിര്‍ദേശങ്ങള്‍ വാങ്ങും.

കോവിഡ് പശ്ചാത്തലത്തില്‍ ആള്‍കൂട്ടമൊഴിവാക്കിയുള്ള ചടങ്ങാണ് ഇത്തവണ നടത്തുന്നതെന്നും അദ്ദേഹം വ്യക്തമാക്കി

Leave a Reply

Your email address will not be published. Required fields are marked *