കൂളിമാട് പാലം നിര്‍മാണത്തിനിടെ തകര്‍ന്നു വീണ സംഭവത്തില്‍ സര്‍ക്കാറിനെതിരെ വിമര്‍ശനവുമായി യൂത്ത് ലീഗ് നേതാവ് പി കെ ഫിറോസ്. പാലത്തിന്റെ തകരാറിനുത്തരവാദി പൊതുമരാമത്തുമന്ത്രിയാണോ എന്ന് ഫിറോസ് ചോദിക്കുന്നു. ഒരുപാട് ചോദ്യങ്ങള്‍ക്ക് ഇടതുപക്ഷ സര്‍ക്കാര്‍ മറുപടി നല്‍കേണ്ടി വരുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

ഈ മാസം അവസാനം ഉദ്ഘാടനം ചെയ്യാനിരുന്ന കൂളിമാട് പാലം തകര്‍ന്നിരിക്കുന്നു. 29 കോടിയുടെ പദ്ധതിയാണ്. ഇടതുപക്ഷ സര്‍ക്കാര്‍ ഉത്തരം പറയേണ്ട ചോദ്യങ്ങള്‍ പലതാണ്. ഈ പാലത്തിന്റെ നിര്‍മ്മാണത്തിന് സിമന്റ് ഉപയോഗിച്ചിട്ടുണ്ടോ? പാലത്തിന്റെ തകരാറിനുത്തരവാദി പൊതുമരാമത്ത് മന്ത്രിയാണോ?

അങ്ങനെയെങ്കില്‍ ഇക്കഴിഞ്ഞ പൊതുമരാമത്ത് മന്ത്രിയാണോ ഇപ്പോഴത്തെ പൊതുമരാമത്ത് മന്ത്രിയാണോ? പാലത്തിന്റെ നിര്‍മ്മാണത്തില്‍ നടന്ന അഴിമതിയെ സംബന്ധിച്ച് വിജിലന്‍സ് അന്വേഷണം നടത്തുമോ? മന്ത്രിയെ അറസ്റ്റ് ചെയ്യുമോ? പഴയ എസ്.എഫ്.ഐക്കാരായ മാദ്ധ്യമസിങ്കങ്ങളുടെ ന്യായീകരണ സിദ്ധാന്തത്തിന് കാത്തിരിക്കുന്നു.

ഇന്നലെ രാവിലെ ഒന്‍പതു മണിയോടെയാണ് കോഴിക്കോട് മലപ്പുറം ജില്ലകളെ ബന്ധിപ്പിച്ച് ചാലിയാര്‍ പുഴയ്ക്ക് കുറുകെ നിര്‍മിക്കുന്ന കുളിമാട് പാലത്തിന്റെ കോണ്‍ക്രീറ്റ് ബീമുകള്‍ തകര്‍ന്നു വീണത്. സംഭവത്തെകുറിച്ച് അന്വേഷിക്കാന്‍ പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *