മലയാളി വ്‌ളോഗര്‍ റിഫ മെഹ്‌നുവിന്റേത് തൂങ്ങിമരണമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. റിഫയുടെ കഴുത്തില്‍ കണ്ടെത്തിയ അടയാളം തൂങ്ങി മരണത്തിന്റേതാണെന്ന് പോസ്റ്റ്മോര്‍ട്ടത്തില്‍ സ്ഥിരീകരിച്ചു. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് അന്വേഷണ സംഘത്തിന് കൈമാറി. ആന്തരികാവയവങ്ങളുടെ രാസപരിശോധനാ ഫലങ്ങള്‍ കൂടി വരാനുണ്ട്.

ദുബായില്‍ ഫ്ളാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ റിഫയുടെ മൃതദേഹം രണ്ടു മാസത്തിന് ശേഷമാണ് പുറത്തെടുത്ത് പോസ്റ്റുമോര്‍ട്ടം നടത്തിയത്. മാര്‍ച്ച് ഒന്നിനാണ് ദുബായ് ജാഫിലിയിലെ ഫ്‌ലാറ്റില്‍ റിഫ മെഹ്നുവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. റിഫയുടെ മരണത്തില്‍ കാസര്‍കോട് സ്വദേശിയും യൂട്യൂബറുമായ ഭര്‍ത്താവ് മെഹ്നാസിനെതിരേ പോലീസ് കേസെടുത്തിരുന്നു. മാനസികമായും ശാരീരികമായും ഉപദ്രവിക്കല്‍, ആത്മഹത്യാപ്രേരണക്കുറ്റം തുടങ്ങിയ ജാമ്യമില്ലാവകുപ്പുകള്‍ പ്രകാരമാണ് കാക്കൂര്‍ പോലീസ് കേസെടുത്തത്. മരണത്തില്‍ കുടുംബം ദുരൂഹത ആരോപിച്ചതോടെയാണ് മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോര്‍ട്ടം നടത്തിയത്.

ഒളിവിലുള്ള മെഹ്നാസ് ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിരിക്കുകയാണ്. ഹര്‍ജി മെയ് 20 ന് പരിഗണിക്കുമെന്നറിയിച്ച കോടതി പൊലീസിനോട് വിശദീകരണം തേടിയിട്ടുണ്ട്. മെഹ്‌നാസിനെതിരെ പൊലീസ് കഴിഞ്ഞ ദിവസം ലുക്കൗട്ട് സര്‍ക്കുലര്‍ പുറത്തിറക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഇയാള്‍ കോടതിയെ സമീപിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *