വിസ്മയ കേസില്‍ തിങ്കളാഴ്ച്ച (മെയ്-23) വിധി പറയും. കൊല്ലം അഡിഷണല്‍ സെഷന്‍സ് കോടതിയാണ് വിധി പറയുക. നാല് മാസത്തോളം നീണ്ട വിചാരണയ്ക്ക് ശേഷമാണ് കേസില്‍ കോടതി വിധി പറയുന്നത്. വിസ്മയയുടേത് സ്ത്രീധന പീഡനത്തെ തുടര്‍ന്നുള്ള ആത്മഹത്യയെന്നാണ് കുറ്റപത്രം.
2021 ജൂണ്‍ 21 ന് വിസ്മയയെ പോരുവഴിയിലെ ഭര്‍ത്താവായ കിരണിന്റെ വീട്ടില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് ഭര്‍ത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കേസില്‍ ഭര്‍ത്താവ് കിരണ്‍ കുമാര്‍ മാത്രമാണ് പ്രതി. സ്ത്രീധനമായി നല്‍കിയ കാറില്‍ തൃപ്തനല്ലാത്തതിനാലും വാഗ്ദാനം ചെയ്ത സ്വര്‍ണം ലഭിക്കാത്തതിനാലും പീഡിപ്പിച്ചതായി കിരണ്‍കുമാറിനെതിരേയാണ് കേസ്.
ആത്മഹത്യാ പ്രേരണയടക്കം ഒന്‍പത് വകുപ്പുകള്‍ ചുമത്തിയാണ് കുറ്റപത്രം നല്‍കിയിരിക്കുന്നത്. കേസില്‍ പ്രോസിക്യൂഷന്റെ ഭാഗത്തുനിന്ന് 41 സാക്ഷികളെ വിസ്തരിക്കുകയും 118 രേഖകള്‍ തെളിവില്‍ അക്കമിടുകയും 12 തൊണ്ടിമുതലുകള്‍ നല്‍കുകയും ചെയ്തു. പ്രതിയുടെ പിതാവ് സദാശിവന്‍ പിള്ള, സഹോദരപുത്രന്‍ അനില്‍കുമാര്‍, ഭാര്യ ബിന്ദുകുമാരി, പ്രതിയുടെ സഹോദരി കീര്‍ത്തി, ഭര്‍ത്താവ് മുകേഷ് എം.നായര്‍ എന്നീ അഞ്ച് സാക്ഷികള്‍ വിസ്താരത്തിനിടെ കൂറുമാറിയിരുന്നു.