കോഴിക്കോട്- മലപ്പുറം ജില്ലകളെ ബന്ധിപ്പിക്കുന്ന കൂളിമാട് പാലം തകര്‍ന്ന സംഭവത്തില്‍ പൊതുമരാമത്ത് വകുപ്പിന്റെ വിജിലന്‍സ് വിഭാഗം അന്വേഷണം നടത്തുന്നുണ്ടെന്ന് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്. റിപ്പോര്‍ട്ട് ലഭിച്ച ശേഷം നടപടിയുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
പാലാരിവട്ടം പാലവുമായി താരതമ്യം ചെയ്ത് പ്രതിപക്ഷം ആക്ഷേപം ഉന്നയിക്കുന്നുണ്ട്. എന്നാല്‍ ചിലര്‍ക്ക് ഇപ്പോഴും പാലാരിവട്ടം പാലത്തിന്റെ ഹാങ്ങ്ഓവര്‍ മാറിയിട്ടുണ്ടാകില്ലെന്നും മന്ത്രി പരിഹസിച്ചു. കാലം മാറി, സര്‍ക്കാരും നിലപാടും മാറി. ആരോപണം ഉന്നയിക്കുന്നവര്‍ക്ക് അതിനുള്ള അവകാശമുണ്ട്, എന്നാല്‍ അത് സ്വീകരിക്കണമോയെന്ന് ജനം തീരുമാനിക്കുമെന്നും മന്ത്രി ചൂണ്ടികാട്ടി. ഇടതു സര്‍ക്കാരിന്റെ സമീപനം ജനങ്ങള്‍ക്കറിയാം. സുതാര്യമായും സമയബന്ധിതമായും പൊതുമരാമത്ത് ജോലികള്‍ പൂര്‍ത്തിയാക്കുമെന്നും മുഹമ്മദ് റിയാസ് പറഞ്ഞു.