ന്യൂഡല്‍ഹി: ദൂരദര്‍ശനിലും ആള്‍ ഇന്ത്യ റേഡിയോയിലും നടത്തിയ പ്രസംഗങ്ങളില്‍നിന്ന് ‘മുസ്ലിംകള്‍’, ‘വര്‍ഗീയ സ്വേച്ഛാധിപത്യ ഭരണം’, ‘ക്രൂരമായ നിയമങ്ങള്‍’ എന്നീ വാക്കുകള്‍ ഒഴിവാക്കാന്‍ സി.പി.എം. ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരിയോടും ഫോര്‍വേഡ് ബ്ലോക്ക് നേതാവ് ജി. ദേവരാജനോടും ആവശ്യപ്പെട്ടു. പ്രസംഗം റെക്കോഡ് ചെയ്യുന്നതിന് മുമ്പാണ് പ്രസ്തുത വാക്കുകള്‍ പാടില്ലെന്ന് ആവശ്യപ്പെട്ടത്.

‘മുസ്ലിംകള്‍’ എന്ന വാക്ക് ഒഴിവാക്കാന്‍ ജി. ദേവരാജനോടും ‘വര്‍ഗീയ സ്വേച്ഛാധിപത്യ ഭരണം’ എന്ന വാക്കൊഴിവാക്കാന്‍ യെച്ചൂരിയോടും ആണ് ആവശ്യപ്പെട്ടത്. ഡല്‍ഹിയിലെ ദൂരദര്‍ശന്‍ സ്റ്റുഡിയോയിലാണ് യെച്ചൂരി പ്രസംഗം നടത്തിയത്. കൊല്‍ക്കത്ത സ്റ്റുഡിയോയിലായിരുന്നു ജി. ദേവരാജന്റെ പ്രസംഗം.

തന്റെ ഇംഗ്ലീഷ് പ്രസംഗമാണ് തിരുത്തിയതെന്ന് യെച്ചൂരി പറഞ്ഞു. ഇതിന്റെ ഹിന്ദി പരിഭാഷയില്‍ ഒരു കുറ്റവും അവര്‍ കണ്ടെത്തിയില്ല എന്നതാണ് വിചിത്രമെന്നും അദ്ദേഹം പ്രതികരിച്ചു.
വിവാദമായ പൗരത്വ ഭേദഗതി നിയമത്തിലെ വിവേചനപരമായ വകുപ്പുകളെക്കുറിച്ച് പരാമര്‍ശിക്കവെയാണ് ‘മുസ്ലിംകള്‍’ എന്ന വാക്ക് പാടില്ലെന്ന് അവര്‍ പറഞ്ഞതെന്ന് ജി. ദേവരാജന്‍ പറഞ്ഞു. താന്‍ വാദിച്ചെങ്കിലും ആ വാക്കുപയോഗിക്കാന്‍ അനുവദിച്ചില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *