
വീണ്ടും ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പ്.വിരമിച്ച എയിംസ് സർജനിൽ നിന്ന് തട്ടിയെടുത്തത് മൂന്ന് കോടി രൂപ. ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്), മഹാരാഷ്ട്ര പോലീസ് ഉദ്യോഗസ്ഥർ എന്ന പേരിൽ ഡിജിറ്റൽ അറസ്റ്റ് നടത്തിയാണ് തട്ടിപ്പുകാർ ഡോക്ടറിൽനിന്ന് വൻതുക അടിച്ചെടുത്തത്.
തട്ടിപ്പുകാരിൽ രണ്ടുപേരെ പോലീസ് പിടികൂടി. ഇവരിൽനിന്ന് 2.2 കോടി രൂപ തിരിച്ചുപിടിക്കുകയും ചെയ്തിട്ടുണ്ട്. മാർച്ച് 12-നാണ് സംഭവം നടന്നതെന്ന് പോലീസ് പറഞ്ഞു. ഗ്രേറ്റർ കൈലാഷ് നിവാസിയായ 92 വയസ്സുള്ള സർജന് അപരിചിത നമ്പറുകളിൽനിന്ന് തുടർച്ചയായി കോളുകൾ ലഭിച്ചു. തുടക്കത്തിൽ, ട്രായിലെ ഉദ്യോഗസ്ഥ എന്ന് സ്വയം പരിചയപ്പെടുത്തിയ ഒരു സ്ത്രീ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ സർജൻ ഉൾപ്പെട്ടിരിക്കുന്നതായി അറിയിച്ചു.
കേസ് അവസാനിപ്പിക്കണമെങ്കിൽ മഹാരാഷ്ട്ര പോലീസുമായി സംസാരിക്കേണ്ടതുണ്ടെന്ന് അദ്ദേഹത്തോട് പറഞ്ഞു. സർജൻ ഇതു സമ്മതിച്ചു. തുടർന്ന് അദ്ദേഹത്തിന്റെ കോൾ മഹാരാഷ്ട്ര പോലീസിൽ നിന്നുള്ള ആളാണെന്ന് അവകാശപ്പെട്ട മറ്റൊരാൾക്ക് കൈമാറി. കേസിന്റെ വിശദാംശങ്ങൾ മറ്റാരോടും വെളിപ്പെടുത്താൻ പാടില്ലെന്ന് തട്ടിപ്പുകാർ ആവശ്യപ്പെട്ടു. അങ്ങനെ ചെയ്താൽ, വിവരങ്ങൾ അറിയുന്ന എല്ലാവരും അന്വേഷണ പരിധിയിൽ വരുമെന്നും ഇവർ പറഞ്ഞതായി പോലീസ് അറിയിച്ചു.
തുടർന്ന് വ്യാജ കോടതി ഉത്തരവുകളുടെ പകർപ്പുകൾ കാണിച്ചു. ഒന്നിലധികം തട്ടിപ്പുകേസുകളിൽ പങ്കാളിത്തം കാണിക്കുന്നതായിരുന്നു അവ. തുടർന്ന് പ്രതികൾ ഇയാളെ വെർച്വൽ വിചാരണയ്ക്ക് വിധേയനാക്കി. വിരണ്ടുപോയ സർജനു മുന്നിൽ തട്ടിപ്പുകാർ രക്ഷപ്പെടാനുള്ള മാർഗവും ഉപദേശിച്ചു കൊടുത്തു. കൈവശമുള്ള പണമെല്ലാം സെബി അംഗീകൃത അക്കൗണ്ടുകളിലേക്ക് കൈമാറ്റം ചെയ്യേണ്ടതുണ്ടെന്ന് അവർ പറഞ്ഞു. എല്ലാ കുറ്റങ്ങളിൽനിന്നും ഒഴിവാക്കപ്പെട്ടാൽ പണം തിരികെ നൽകുമെന്ന് അവർ വാഗ്ദാനം ചെയ്തു. തുടർന്ന് സർജൻ തന്റെ മുഴുവൻ പണവും മൂന്ന് അക്കൗണ്ടുകളിലേക്ക് കൈമാറ്റം ചെയ്തു.
പ്രതികളിൽനിന്ന് പിന്നീട് വിവരമൊന്നും ലഭിക്കാത്തതിനെ തുടർന്ന് അദ്ദേഹം ഡൽഹി പോലീസ് സ്‌പെഷ്യൽ സെല്ലിന്റെ ഐഎഫ്എസ്ഒ യൂണിറ്റിൽ പരാതി നൽകി. ”ഗുരുതരമായ പ്രത്യാഘാതങ്ങളെയും കുടുംബത്തിന് ദോഷം വരുത്തുമെന്നുമുള്ള ഭീഷണിയിലും തട്ടിപ്പുകാർ സർജന്റെ ഫിക്‌സഡ് ഡിപ്പോസിറ്റുകളും ലിക്വിഡേറ്റ് ചെയ്യിക്കാനും പണം നിർദ്ദിഷ്ട മൂന്ന് ബാങ്ക് അക്കൗണ്ടുകളിലേക്ക് കൈമാറ്റം ചെയ്യാനും ആവശ്യപ്പെടുകയായിരുന്നു,” ഡിസിപി ഹേമന്ത് തിവാരി പറഞ്ഞു.
പോലീസ് അന്വേഷണത്തെ തുടർന്ന് പണം കൈമാറ്റം നടത്തിയ ബാങ്ക് അക്കൗണ്ട് കണ്ടെത്തുകയും, പ്രതികളിലൊരാളെ രാജസ്ഥാനിൽ കണ്ടെത്തുകയും ചെയ്തു. പിന്നീട് നടത്തിയ അന്വേഷണത്തിൽ അമിത് ശർമ്മ (42), ഹരി (27) എന്നിവർ ഗുവാഹത്തിയിൽ നിന്ന് അറസ്റ്റിലായി. തട്ടിപ്പുകൾ നടപ്പാക്കുന്നതിനായി ശർമ്മ പണം ഹരിക്ക് നൽകിയെന്നും ഹരി അത് നേപ്പാൾ, തായ്വാൻ ആസ്ഥാനമായുള്ള തട്ടിപ്പുകാർക്ക് കൈമാറിയെന്നും ഹേമന്ത് തിവാരി പറഞ്ഞു.