ഡല്‍ഹി: ഇന്ധനവിലവര്‍ധനവിനെ തുടര്‍ന്ന് ഭക്ഷണങ്ങളുടെ വില വര്‍ധിപ്പിക്കാനൊരുങ്ങി റസ്റ്റോറന്റുകളും ഫുഡ് ഡെലിവറി ആപ്പുകളും . 5 മുതല്‍ 10 ശതമാനം വരെ വില കൂട്ടാനാണ് തീരുമാനം. എല്‍പിജി ക്ഷാമം, വാണിജ്യ സിലിണ്ടറുകളുടെ വില വര്‍ധനവ്, ജീവനക്കാരുടെ അഭാവം തുടങ്ങിയ പ്രശ്‌നങ്ങള്‍ കാരണം പെട്രോള്‍, ഡീസല്‍ വര്‍ധനവ് ഹോട്ടല്‍ വ്യവസായത്തെ സാരമായി ബാധിച്ചിട്ടുണ്ട്.

എല്ലാ വര്‍ഷവും സെപ്തംബറില്‍ റസ്റ്റോറന്റ് മേഖലയില്‍ വില പരിഷ്‌കരിക്കാറുണ്ട്. എന്നാല്‍ ഈ വര്‍ഷം ജൂലൈ 1 മുതല്‍ വില വര്‍ധിപ്പിക്കുകയല്ലാതെ തങ്ങള്‍ക്ക് മറ്റ് മാര്‍ഗമില്ലെന്ന് നാഷണല്‍ റസ്റ്റോറന്റ് അസോസിയേഷന്‍ ഓഫ് ഇന്ത്യ (എന്‍ആര്‍ഐ) ചെയര്‍മാനും വൗ മോമ സഹസ്ഥാപകനുമായ സാഗര്‍ ദാര്യാനി പറഞ്ഞു.

‘ഇന്ധനവിലയിലെ വര്‍ധനവ് ഞങ്ങളുടെ ഗതാഗതം, പാക്കേജിംഗ്, അസംസ്‌കൃത വസ്തുക്കള്‍, മൊത്തത്തിലുള്ള ഇന്‍പുട്ട് ചെലവുകള്‍ എന്നിവ വര്‍ധിപ്പിക്കും. വില കൂട്ടുകയല്ലാതെ ഞങ്ങള്‍ക്ക് മറ്റ് മാര്‍ഗമില്ല. ഞങ്ങളുടെ ജീവനക്കാരുടെ ജീവിതച്ചെലവ് പോലും ഉയരുന്ന തരത്തിലാണ് ഇതിന്റെ ആഘാതം” കഫേ ഡല്‍ഹി ഹൈറ്റ്സിന്റെ സ്ഥാപകനായ വിക്രാന്ത് ബത്ര പറയുന്നു.

അമുലും മദര്‍ ഡയറിയും പാല്‍ വില ലിറ്ററിന് രണ്ട് രൂപ വര്‍ധിപ്പിച്ചിട്ടുണ്ട്. ബര്‍ഗര്‍, ബിരിയാണി, പിസ്സ, സാന്‍ഡ്‌വിച്ച് എന്നിവയുടെയെല്ലാം വില കൂടുമെന്നാണ് വിവരം. സ്വിഗ്ഗി, സൊമാറ്റോ തുടങ്ങിയ ആപ്പുകളില്‍ ഓഫറുകളും ഡിസ്‌കൗണ്ടുകളും കുറയും. സൗജന്യ ഡെലിവറിക്കുള്ള മിനിമം ഓര്‍ഡര്‍ തുക വര്‍ധിപ്പിച്ചേക്കും.

Leave a Reply

Your email address will not be published. Required fields are marked *