കെ.പി.സി.സി. ആസ്ഥാനത്ത് കഴിഞ്ഞ ദിവസമുണ്ടായ തിരക്കുമായി ബന്ധപ്പെട്ട് പാലക്കാട് എം.എല്‍.എ. ഷാഫി പറമ്പിലിനെ ട്രോളി സോഷ്യല്‍ മീഡിയ. കെ.പി.സി.സി. പ്രസിഡന്റായി കെ. സുധാകരന്‍ സ്ഥാനം ഏറ്റെടുക്കുന്ന ചടങ്ങുമായി ബന്ധപ്പെട്ട് കെ.പി.സി.സി. ആസ്ഥാനത്ത് വന്‍തിരക്ക് അനുഭവപ്പെട്ടിരുന്നു.

കോവിഡ് ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ സാമൂഹിക അകലം പാലിക്കാതെ പ്രവര്‍ത്തകരും നേതാക്കളും തിരുവനന്തപുരത്തുള്ള കെ.പി.സി.സി. ആസ്ഥാനമായ ഇന്ദിര ഭവനില്‍ തടിച്ചു കൂടിയത് വ്യാപക വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കി. ഈ സാഹചര്യത്തിലാണ് സോഷ്യല്‍ മീഡിയ ഷാഫി പറമ്പിലിന്റെ പഴയ പോസ്റ്റ് കുത്തിപ്പൊക്കിയത്. രണ്ടാം പിണറായി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞയുമായി ബന്ധപ്പെട്ട് ആ 500ല്‍ ഞങ്ങളില്ലെന്ന് ഷാഫി പറമ്പില്‍ ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ടിരുന്നു. ഈ പോസ്റ്റാണ് ഇപ്പോള്‍ ഷാഫി പറമ്പിലിനെ ട്രോളാനായി ഉപയോഗിക്കുന്നത്.
500 പേരെ പങ്കെടുപ്പിച്ചുകൊണ്ടായിരുന്നു രാണ്ടാം പിണറായി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ. കോവിഡ് മഹാമാരിക്കിടയില്‍ ഇത്രയും പേരെ സംഘടിപ്പിച്ചുകൊണ്ട് സത്യപ്രതിജ്ഞാ ചടങ്ങ് നടത്തുന്നതിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷം രംഗത്തെത്തിയിരുന്നു. പ്രതിപക്ഷാംഗങ്ങള്‍ സത്യപ്രതിജ്ഞാ ചടങ്ങ് ബഹിഷ്‌ക്കരിക്കുകയും ചെയ്തിരുന്നു.
കെ.പി.സി.സി. ആസ്ഥാനത്തെ ആള്‍ക്കൂട്ടവും സത്യാപ്രതിജ്ഞാ ചടങ്ങിലെ സാമൂഹിക അകലം പാലിച്ചുകൊണ്ടുള്ള ഇരിപ്പിടങ്ങളുടെയും ചിത്രങ്ങള്‍ ഒന്നിച്ചു ചേര്‍ത്തും ഷാഫി പറമ്പിലിനെതിരെ ട്രോളുകള്‍
ഉയരുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *