പാലക്കാട് അട്ടപ്പാടി മധുവധക്കേസില്‍ വിചാരണ നടപടികള്‍ ഹൈക്കോടതി സ്‌റ്റേ ചെയ്തു.മധുവിൻ്റെ അമ്മ വല്ലി നൽകിയ ഹർജിയിലാണ് ഹൈക്കോടതി സ്റ്റേ ഓർഡർ ഇറക്കിയതും സർക്കാരിൻ്റെ വിശദീകരണം തേടിയതും.മണ്ണാര്‍ക്കാട് പ്രത്യേക കോടതിയിലെ വിചാരണയാണ് കോടതി തടഞ്ഞത്. കേസില്‍ ഹൈക്കോടതി സര്‍ക്കാരിന്റെ വിശദീകരണം തേടി. ഹരജി പത്ത് ദിവസത്തിന് ശേഷം പരിഗണിക്കുമെന്നാണ് കോടതി അറിയിച്ചിരിക്കുന്നത്.വിചാരണ നിര്‍ത്തിവെക്കണമെന്ന ആവശ്യവുമായി മധുവിന്റെ അമ്മ നേരത്തെ ഹരജി നല്‍കിയിരുന്നു. പ്രോസിക്യൂട്ടറെ മാറ്റണമെന്ന അപേക്ഷ ചീഫ് സെക്രട്ടറിയുടെ പരിഗണനയിലായിരുന്നു. ഈ അപേക്ഷയില്‍ തീരുമാനമാകുന്നതുവരെ വിചാരണ നിര്‍ത്തണമെന്നായിരുന്നു ഹരജിയിലെ ആവശ്യം.

വിചാരണ തുടങ്ങിയപ്പോള്‍ കൂറുമാറ്റം ഉണ്ടായതിനെ തുടര്‍ന്നാണ് അമ്മ കോടതിയെ സമീപിച്ചത്. പ്രോസിക്യൂഷന്റെ പോരായ്മ കൊണ്ടാണ് സാക്ഷികള്‍ മൊഴി മാറ്റുന്നത്.പ്രോസിക്യൂട്ടറെ മാറ്റണമെന്ന് താന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും അമ്മ ഹരജിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.
പബ്ലിക് പ്രോസിക്യൂട്ടറെ മാറ്റണം എന്നാവശ്യപ്പെട്ട് മധുവിന്റെ സഹോദരി സരസു നേരത്തെ മണ്ണാർക്കാട് വിചാരണ കോടതിയെ സമീപിച്ചിരുന്നു. എന്നാൽ സർക്കാർ നിയമിച്ച അഭിഭാഷകനെ കോടതിയല്ല മാറ്റേണ്ടതെന്ന് വിചാരണ കോടതി വിശദീകരിച്ചു. കുടുംബത്തിന് അങ്ങനെ ഒരാവശ്യം ഉണ്ടെങ്കിൽ സർക്കാരിനെ സമീപിക്കണമെന്നും കോടതി നിർദേശിച്ചു. ഇതിന് പിന്നാലെയാണ് സ്പെഷ്യൽ പ്രോസിക്യൂട്ടറെ മാറ്റണമെന്നാവശ്യപ്പെട്ട് മധുവിന്‍റെ അമ്മ പ്രോസിക്യൂഷൻ ഡയറക്ടർ ജനറലിന് കത്ത് നല്‍കിയത്.

Leave a Reply

Your email address will not be published. Required fields are marked *