കോഴിക്കോട്: കോഴിക്കോട് കാരുണ്യ കമ്മ്യൂണിറ്റി ഫാർമസിയിൽ അത്യാവശ്യ മരുന്നുകൾ കിട്ടാതെ വലഞ്ഞ് രോഗികൾ. പ്രമേഹ രോഗികൾക്കുള്ള ഇൻസുലിൻ പോലും ഫാർമസിയിൽ നിന്ന് ലഭിക്കുന്നില്ലെന്ന് പരാതി. മാസങ്ങളായിട്ടും മരുന്ന് ക്ഷാമത്തിന് പരിഹാരം കാണാതെ ആരോഗ്യം വകുപ്പ്. നിർധനരായ രോഗികൾ വിലകൂടിയ മരുന്നുകൾക്കായി സ്വകാര്യമരുന്നു ഷോപ്പുകളെ ആശ്രയിക്കേണ്ട സാഹചര്യമാണ് നിലവിലുള്ളത്. മരുന്ന് വിതരണക്കാർക്കുള്ള കുടിശ്ശിക തുക വൈകുന്നതാണ് മരുന്ന് ക്ഷാമത്തിന് കാരണമെന്നാണ് അധികൃതരുടെ വിശദീകരണം.
കാരുണ്യ ഫാർമസിയിൽ നിന്നും ലഭിക്കാത്ത മരുന്നുകൾ അമിതവില നൽകി സ്വകാര്യ മരുന്നു ഷോപ്പുകളിൽ നിന്ന് വാങ്ങേണ്ട സാഹചര്യമാണ് നിലവിൽ. ശസ്ത്രക്രിയ കഴിഞ്ഞ രോഗികളും, ഡയാലിസിസ് രോഗികളും കാരുണ്യ ഫാർമസിയിൽ നിന്നും മരുന്ന് ലഭിക്കാത്തതോടെ ഇരട്ടി തുക ചിലവഴിച്ചാണ് മരുന്നുകൾ വാങ്ങുന്നത്. പ്രമേഹ രോഗികൾക്ക് നൽകുന്ന അടിസ്ഥാന മരുന്നായ ഇൻസുലിൻ പോലും കാരുണ്യ ഫാർമസിയിൽ ഇല്ല.
സ്വകാര്യ മെഡിക്കൽ ഷോപ്പുകളിലേക്കാൾ 50 ശതമാനത്തോളം വിലക്കുറവിലാണ് കാരുണ്യ ഫാർമസിയിൽ നിന്നും മരുന്ന് ലഭിക്കുക. ഇത് വലിയ ആശ്വാസമായിരുന്നു നിർധനരായ രോഗികൾക്ക്.
