വയനാട് നെല്ലിയമ്പത്ത് നടന്ന ഇരട്ടക്കൊലപാതകത്തില്‍ മുഖ്യപ്രതി അറസ്റ്റില്‍. വൃദ്ധദമ്പതികളെ കൊലപ്പെടുത്തിയത് മോഷണശ്രമത്തിനിടെയെന്ന് പൊലീസ്. ചോദ്യം ചെയ്യലിനായി വിളിപ്പിച്ചതോടെ വിഷം കഴിച്ച് ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ച അര്‍ജുന്‍ ആണ് അറസ്റ്റിലായത്. കൊല്ലപ്പെട്ട വൃദ്ധ ദമ്പതികളുടെ അയല്‍വാസിയാണ് അര്‍ജുന്‍.
ഒറ്റയ്ക്ക് താമസിക്കുകയായിരുന്ന വൃദ്ധദമ്പതികളെ മുഖം മൂടി ധരിച്ചെത്തിയ ശേഷമാണ് അർജുൻ വെട്ടിക്കൊന്നത്.പ്രതി അര്‍ജുന്‍ ഹോട്ടല്‍ മാനേജ് മെന്റ് കഴിഞ്ഞയാളാണ്. ബംഗളൂരുവിലും ചെന്നൈയിലും ഇയാള്‍ വിവിധ ഹോട്ടലുകളില്‍ ജോലി ചെയ്തിരുന്നു. ലോക്ക്ഡൗണിനെ തുടര്‍ന്ന് പണി നഷ്ടമായപ്പോള്‍ അര്‍ജുന്‍ നാട്ടിലെത്തുകയും പുല്ല് വെട്ടല്‍ ജോലിയില്‍ ഏര്‍പ്പെടുകയും ചെയ്തിരുന്നു.

കൊല നടത്തിയത് വീട്ടുകാരെ അറിയുന്ന വ്യക്തിയാണെന്ന നിഗമനത്തിലേക്ക് പൊലീസ് നേരത്തെ തന്നെ എത്തിയിരുന്നു. വീട്ടില്‍ നിന്ന് സ്വര്‍ണമോ പണമോ ഒന്നും നഷ്ടപ്പെട്ടില്ലെങ്കിലും കൊലപാതകത്തിന് പിന്നില്‍ കവര്‍ച്ചാ സ്വഭാവമുണ്ടായിരുന്നതായും പൊലീസ് വ്യക്തമാക്കിയിരുന്നു. ആദ്യം കേശവന്‍ നായരെയാണ് കൊലപ്പെടുത്തിയത്. ഇത് കണ്ട് പത്മാവതി പുറത്തിറങ്ങി അലറിവിളിക്കുന്നതിനിടെ പ്രതി ഇവരെയും വെട്ടുകയായിരുന്നു. നാട്ടുകാര്‍ എത്തുന്നതിന് മുന്‍പെ പ്രതി ഓടിരക്ഷപ്പെടുകയും ചെയ്തു. പ്രതി ഇടം കൈയ്യനാണെന്നും പൊലീസ് കണ്ടെത്തിയിരുന്നു. ഇതെല്ലാം വച്ച് നടത്തിയ അന്വേഷണത്തില്‍ കൊല നടത്തിയത് നാട്ടുകാരിലൊരാളാണെന്ന നിഗമനത്തില്‍ പൊലീസ് എത്തിയത്.
കഴിഞ്ഞ ജൂണ്‍ 10നാണ് പനമരം നെല്ലിയമ്പത്ത് റിട്ടയേര്‍ഡ് അധ്യാപകനായ കേശവന്‍ മാസ്റ്ററും (75) ഭാര്യ പത്മാവതിയമ്മയും മുഖംമൂടി സംഘത്തിന്റെ കുത്തേറ്റ് കൊല്ലപ്പെട്ടത്. പനമരം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ താഴെ നെല്ലയമ്പം കാവടത്താണ് സംഭവം.

രാത്രി 8.30ഓടെയായിരുന്നു അജ്ഞാത സംഘത്തിന്റെ ആക്രമണത്തിന് ദമ്പതികള്‍ ഇരയായത്. ബഹളം കേട്ടെത്തിയ നാട്ടുകാര്‍ ഇരുവരെയും ആശുപത്രിയിലെത്തിച്ചെങ്കിലും സംഭവ സ്ഥലത്തുവെച്ച് തന്നെ കേശവന്‍ മാസ്റ്റര്‍ കൊല്ലപ്പെട്ടു. പനമരം പൊലീസാണ് കേസ് അന്വേഷിക്കുന്നത്.

നെല്ലിയമ്പവും പനമരവും കേന്ദ്രീകരിച്ചായിരുന്നു പൊലീസിന്റെ വിശദമായ അന്വേഷണം. അര്‍ജുനെ ചോദ്യം ചെയ്യുന്നതിനിടെ ഇറങ്ങി ഓടുകയും കൈയില്‍ കരുതിയിരുന്ന എലിവിഷം കഴിക്കുകയും ചെയ്തിരുന്നു. ഇതിലൂടെയാണ് പ്രതി അര്‍ജുനാണെന്ന നിഗമനത്തില്‍ പൊലീസ് എത്തിയത്. തുടര്‍ന്ന് നടത്തിയ നീരീക്ഷണത്തില്‍ കൊല നടത്തിയത് അര്‍ജുനാണെന്ന് പൊലീസ് കണ്ടെത്തുകയും പ്രതി കുറ്റം സമ്മതിക്കുകയുമായിരുന്നു.
ഈ വിടിന് സമീപത്തെ ഏണിയില്‍ നിന്നും ലഭിച്ച വിരലടയാളവും കുളത്തില്‍ നിന്ന് ലഭിച്ച രക്തക്കറയുള്ള വസ്ത്രവുമാണ് കൊലപാതകവുമായി ബന്ധപ്പെട്ട് പൊലീസിന് ലഭിച്ച തെളിവുകൾ.

കേസുമായി ബന്ധപ്പെട്ട് 300 ഓളം പേരെ ചോദ്യം ചെയ്യുകയും 80,000ത്തേളം ഫോണ്‍ കോളുകള്‍ പരിശോധിക്കുകയും ചെയ്തിരുന്നു. സിസിടിവി, സൈബർ സെൽ, വിരൽ അടയാളം തുടങ്ങിയ ശാസ്ത്രീയ പരിശോധനകളും ഗുണം ചെയ്തില്ല.

Leave a Reply

Your email address will not be published. Required fields are marked *