തിരുവനന്തപുരം: ഓണ ദിവസങ്ങളിൽ കെ എസ് ആർ ടി സി യുടെ ചരിത്രത്തിൽ തന്നെ എറ്റവും കൂടുതൽ കളക്ഷൻ നേടി റെക്കോഡ് സൃഷ്ടിച്ചിരിക്കുകയാണ് തമ്പാനൂർ യുണിറ്റ്. 05/9/22 തിങ്കൾ മുതൽ 13/09/22 വരെ കളക്ഷനായി നേടിയത് 3,80,74,030/- രൂപ. കഴിഞ്ഞ 12 ന് കെ എസ് ആർ ടി സിയിൽ റെക്കോർഡ് വരുമാനമായ 8.4 കോടി ലഭിച്ചപ്പോൾ സെൻട്രൽ യൂണിറ്റിന് ലഭിച്ചത് 53 ലക്ഷമായിരുന്നു. തൊട്ടടുത്ത ദിവസം 13/08 ചൊവ്വാഴ്ച്ച 54 ലക്ഷം നേടി വീണ്ടും റെക്കോർഡിട്ടു. സെൻട്രൽ യൂണിറ്റിന്റെ 2018 ൽ ലഭിച്ച 41 ലക്ഷം എന്ന റെക്കോർഡാണ് ഇപ്പോൾ തിരുത്തി കുറിച്ചത്.

സാധരണ 75-80 സർവീസുകളാണ് തമ്പാനൂരിൽ നിന്നും ഓപ്പറേറ്റ് ചെയ്യുന്നതെങ്കിൽ എറ്റവും തിരക്കുളള ദിവസമായ സെപ്റ്റംബർ 11 ഞായറാഴ്ച 98 സർവീസുകൾ ഓപ്പറേറ്റ് ചെയ്തു. നിലവിലുള്ള 4 ബെംഗളൂരു സർവീസിന് പുറമെ 6 ബെംഗളൂരു സർവീസുകളും 2 ചെന്നൈ സർവീസുകളും ബത്തേരി, മാനന്തവാടി, കണ്ണൂർ, കോഴിക്കോട് സർവീസുകളും ഓപ്പറേറ്റ് ചെയ്യാനായി.

മറ്റു യൂണിറ്റുകളിൽ ഞായർ വെെകിട്ടും തിങ്കളാഴ്ചയും അയച്ച സർവീസുകളുടെ വരുമാനം തിങ്കൾ തന്നെ ലഭിച്ചുവെങ്കിലും സെൻട്രൽ യൂണിറ്റിൽ നിന്നും അയച്ച ദീർഘ ദൂര സർവീസുകൾ ആ യൂണിറ്റിൽ എത്തിയത് ചൊവ്വാഴ്ച വെെകിട്ടോടെ മാത്രമാണ്. അങ്ങനെയാണ് ചൊവ്വാഴ്ച 54 ലക്ഷം രൂപ വരുമാനം ലഭിച്ചത്.

യാത്രക്കാരുടെ തിരക്കനുസരിച്ച് കണ്ടക്ടർ ഇല്ലാത്ത എൻഡ് ടു എൻഡ് ബസുകളും ഓപ്പറേറ്റ് ചെയ്തു. കണ്ടക്ടർ ഇല്ലാതെ വന്നപ്പോൾ സ്റ്റേഷൻ മാസ്റ്റർ കണ്ടക്ടർ ആയി പോവുകയും ചെയ്തു. കുട്ടായ പ്രവർത്തനത്തിന്റെ ഫലമായിട്ടാണ് ഈ വരുമാനം ലഭിച്ചതെന്നും എല്ലാവരെയും അഭിനന്ദിക്കുന്നതായും സെൻട്രൽ ക്ലസ്റ്റർ ഓഫീസർ ബി എസ് ഷിജു പറഞ്ഞു.

ഓണാവധിക്ക് ശേഷമുള്ള ആദ്യ പ്രവർത്തി ദിനമായ 12 ന് കെഎസ്ആർടിസി സർവകാല റിക്കാർഡ് വരുമാനം നേടിയിരുന്നു. കഴിഞ്ഞ തിങ്കളാഴ്ചയാണ് കെഎസ്ആർടിസി പ്രതിദിന വരുമാനം 8.4 കോടി രൂപ നേടിയത്. 3941 ബസുകൾ സർവ്വീസ് നടത്തിയപ്പോഴാണ് ഇത്രയും വരുമാനം ലഭിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *